രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം ; എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം ; എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Spread the love

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും . വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും.

യാത്രാ നിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിക്കും. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്. കഴിഞ്ഞ മെയിൽ നടന്ന കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75-ാം വാർഷിക പുരസ്കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.