എറണാകുളം – കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണം ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ ; സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും റിപ്പോർട്ട് നൽകാൻ നിർദ്ദേശം
സ്വന്തം ലേഖകൻ
കോട്ടയം : എറണാകുളം – കോട്ടയം റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കുമാണ് കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. സെപ്റ്റംബർ 12 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.
ജൂലൈ 27 ന് എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് വന്ന സ്വകാര്യ ബസ് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. അമിതവേഗത കാരണം അപകടമുണ്ടാകുമ്പോൾ സിവിൽ, ക്രിമിനൽ നിയമ പ്രകാരം നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിലെ വേഗപ്പൂട്ട് സംവിധാനം പ്രവർത്തിക്കുന്നുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്ത പരിശോധന നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. വേഗപ്പൂട്ട് പ്രവർത്തിച്ചില്ലെങ്കിൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കണം. നിലവിലുള്ള ബസ് പെർമിറ്റുകൾ റണ്ണിങ് ടൈം അനുസരിച്ച് പുനക്രമീകരിക്കണമെന്നും പരാതിക്കാരനായ തലയോലപ്പറമ്പ് സ്വദേശി ഫിറോസ് മാവുങ്കൽ ആവശ്യപ്പെട്ടു.