അർജന്റീനയുടെ ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഉൾപ്പെടെ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു,ഇത് കേരളത്തിലെ തന്നെ? മെസ്സിയുടെ ആകാശത്തോളം ഉയരമുള്ള കട്ട് ഔട്ട് ലോകശ്രദ്ധയിലേക്ക്;വൈറലായി  പുള്ളാവൂരിലെ അർജന്റീന ആരാധക‌ർ…

അർജന്റീനയുടെ ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഉൾപ്പെടെ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു,ഇത് കേരളത്തിലെ തന്നെ? മെസ്സിയുടെ ആകാശത്തോളം ഉയരമുള്ള കട്ട് ഔട്ട് ലോകശ്രദ്ധയിലേക്ക്;വൈറലായി പുള്ളാവൂരിലെ അർജന്റീന ആരാധക‌ർ…

ഖത്തർ വേദിയാകുന്ന ഫുട്ബാൾ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം ചെറുപുഴയുടെ നടുവിൽ ഇതിഹാസ താരം ലയണൽമെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി ലോകം മുഴുവൻ വൈറലായി പുള്ളാവൂരിലെ അർജന്റീന ഫാൻസ്. ചെറുപുഴയുടെ നടുവിലുള്ള കുഞ്ഞ് തുരുത്തിൽ 30 അടി ഉയരത്തിലും 8 അടി വീതിയിലും ഇളംനീല ജേഴ്സിയിൽ ന‌െഞ്ചും വിരിച്ച് നിൽക്കുന്ന മെസി കോഴിക്കോട് നിന്ന് കടൽ കടന്ന് ഖത്തറിലും അർജന്റീനയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം തരംഗമായി. ലോകമെമ്പാടുമുള്ള അർജന്റീന, മെസി ആരാധകരുടെ ഫാൻ പേജുകളില്ലാം കോഴിക്കോടുകാരുടെ മെസി പ്രേമം സ്ഥാനം പിടിച്ചു. ഫോക്സ് സ്പോർട്സ് അർജന്റീന പോലുള്ള പ്രമുഖ ഓൺലൈൻ മാധ്യമങ്ങളും സംഭവം വാർത്തയാക്കി. കട്ടൗട്ടിന്റെ ഫോട്ടോകളും വീഡിയോയും സാക്ഷാൽ മെസി കാണും എന്ന പ്രതീക്ഷയിലാണ് പുള്ളാവൂരിലെ അർജന്റീന ഫാൻസ്

ഇരുപതിനായിരം രൂപ ചെലവിലാണ് കട്ടൗട്ട് നിർമ്മിച്ചത്. ആറുമാസം മുമ്പാണ് കട്ടൗട്ട് സ്ഥാപിക്കാൻ തീരുമാനിച്ചത്. പുഴയ്ക്ക് കുറുകെയുള്ള പാലത്തിലിരിക്കുമ്പോഴാണ് അർജന്റീന ഫാൻസിലൊരാൾ കട്ടൗട്ട് പുഴയിൽ വെച്ചാലോ എന്ന ചിന്ത പങ്കുവെച്ചത്. മറ്റുള്ളവർ അതിനെ പിന്തുണച്ചു. ആരാധകരിൽ നിന്ന് പിരിവിടുത്ത് പുള്ളാവൂരിൽ തന്നെയാണ് കട്ടൗട്ട് നിർമിച്ചത്. മൂന്ന് കിലോമീറ്റർ അകലെ നിന്ന് മഴയത്ത് മുദ്രാവാക്യം വിളികളോടെയാണ് കട്ടൗട്ട് എത്തിച്ചത്. ഈ വിഡീയോയും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. എന്നാൽ വെറുതെ ഇരിക്കാൻ ഇവിടുത്തെ ബ്രസീൽ ഫാൻസും തയ്യാറല്ല. നെയ്‌മറിന്റെ ഭീമൻ കട്ടൗട്ട് ഉയർത്താനുള്ള ആലോചനയിലാണവർ.

Tags :