കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം; പ്രതികൾ പിടിയില്‍
സ്വന്തം ലേഖിക
കൊല്ലം: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
തഴുത്തല വിളയില്‍ പുത്തന്‍വീട്ടില്‍ ഇന്‍ഷാദ് (27), കൊട്ടിയം അഖില്‍ നിവാസില്‍ അഖില്‍ (31) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 28ന് രാത്രി കണ്ണനല്ലൂരിലെ ബിസ്മി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോയ ഇവരോട് കൗണ്ടറിലിരുന്ന ഹോട്ടലുടമ നുജും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
ഹോട്ടലിൽ ഉണ്ടായിരുന്ന കണ്ണാടിപ്പെട്ടി അടിച്ചുടച്ച് ചില്ല് കഷണം എടുത്ത് ഹോട്ടലുടമയെ ആക്രമിക്കുകയും ഭീഷണപ്പെടുത്തി കൗണ്ടറിലെ പണം എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരനായ ഷറഫിനും പരിക്കേറ്റു.
10,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തഴുത്തലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
കൊട്ടിയം ഇന്‍സ്‌പെക്ടര്‍ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത് ജി. നായര്‍, ഷിഹാസ്, ജയകുമാര്‍, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.