സാദിയോ മാനേ…നീ ഉണ്ടായിരുന്നെങ്കിൽ; സെനഗൽ ആരാധകർ മാത്രമല്ല ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും ആഗ്രഹിച്ച മത്സരത്തിൽ ഓറഞ്ച് പട കഷ്ടിച്ച് കടന്നുകയറി.എങ്കിലും അഭിമാനത്തോടെ തലയുയർത്തി സെനഗലിന്റെ പോരാട്ട മികവ്.

സാദിയോ മാനേ…നീ ഉണ്ടായിരുന്നെങ്കിൽ; സെനഗൽ ആരാധകർ മാത്രമല്ല ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും ആഗ്രഹിച്ച മത്സരത്തിൽ ഓറഞ്ച് പട കഷ്ടിച്ച് കടന്നുകയറി.എങ്കിലും അഭിമാനത്തോടെ തലയുയർത്തി സെനഗലിന്റെ പോരാട്ട മികവ്.

Spread the love

ഏകപക്ഷീയമായി അവസാനിച്ച രണ്ട് മത്സരങ്ങൾക്കു ശേഷം യഥാർത്ഥ ഫുട്‌ബോളിങ് പവറുള്ള രണ്ട് ടീമുകൾ നേർക്കുനേർ വന്നപ്പോൾ നെതർലന്റ്‌സ് 2-0 ന് ജയിച്ചെങ്കിലും, ആ സ്‌കോർലൈൻ പറയുന്നതിനപ്പുറമായിരുന്നു കളിക്കളത്തിലെ കാര്യങ്ങൾ. ഗ്രൂപ്പിലെ കടുപ്പമേറിയ മത്സരത്തിൽ വ്യക്തമായ ജയത്തോടെ ടൂർണമെന്റ് തുടങ്ങാൻ കഴിഞ്ഞുവെന്ന് ഓറഞ്ചുപടയ്ക്ക് ആശ്വസിക്കാം. യൂറോപ്പിൽ നിന്നുള്ള കരുത്തരെ ആദ്യാന്തം മുൾമുനയിൽ നിർത്താൻ കഴിഞ്ഞുവെന്നതിന്റെ ആശ്വാസത്തിൽ ഇനിയുള്ള മത്സരങ്ങൾ കളിക്കാമെന്നതാണ് സെനഗലിന് ഈ കളിയിൽ നിന്നു കിട്ടിയ ഗുണം. സാദിയോ മാനെ ആരോഗ്യവാനായിരുന്നെങ്കിൽ ഈ കളി ഒരുപക്ഷെ മറ്റൊരു ഡച്ച് ദുരന്തത്തിൽ അവസാനിച്ചേനെ.

ആക്രമണത്തിലും പ്രതിരോധത്തിലും അഞ്ചുപേരെ ലഭ്യമാക്കുന്ന തരത്തിലുള്ള ലൂയിസ് വാൻഹാളിന്റെ 5-2-3 തന്ത്രത്തിന് നാലു പേരെ ആക്രമണത്തിൽ നിയോഗിച്ച് അലിയു സിസ്സെ മറുതന്ത്രമൊരുക്കിയപ്പോൾ മത്സരത്തിന്റെ ആദ്യഘട്ടം ആവേശകരമായിരുന്നു. ഡച്ചുകാർക്ക് നിലയുറപ്പിക്കാൻ അവസരം നൽകാതെ തുടരെ തുടരെ ആഫ്രിക്കക്കാർ നടത്തിയ ആക്രമണങ്ങൾ എപ്പോൾ വേണമെങ്കിലും ഗോൾ കൊണ്ടുവരാമെന്നു തോന്നിച്ചു. എന്നാൽ, മത്ത്യാസ് ഡിലിറ്റ് – വിർജിൽ വാൻ ഡൈക്ക് – നതാൻ ആക്കെ പ്രതിരോധ ത്രയം ഭേദിക്കുക അസാധ്യമായിരുന്നു. ഇരുവശങ്ങളിലായി ഡെൻസിൽ ഡംഫ്രിയ്‌സും ഡാലി ബ്രിന്റും മധ്യത്തിൽ ഫ്രെങ്കി ഡിയോങ്ങും പ്രതിരോധ ദൗത്യങ്ങളിൽ പങ്കാളിത്തം വഹിച്ചതോടെ സെനഗലിന്റെ മിന്നലാക്രമണൾ ബോക്‌സിന്റെ ചുറ്റുവട്ടങ്ങളിൽ മുനയൊടിഞ്ഞു വീണു.

ഇടതുവിങ്ങിൽ നിയോഗിക്കപ്പെട്ട കരുത്തനും ഉത്സാഹിയുമായ ഇസ്മായില സാർ മത്ത്യാസ് ഡിലിറ്റിൽ നിന്ന് പന്ത് റാഞ്ചുന്നതും അപകടകരമായ നീക്കം ഡിയോങ് നിർവീര്യമാക്കുന്നതും കണ്ടാണ് കളി തുടങ്ങിയത്. അറ്റാക്കിങ് ഡയമണ്ടിലേക്ക് പന്തെത്തിക്കാൻ സെനഗൽ ആകാശമാർഗം ഉപയോഗിച്ചപ്പോൾ നെതർലന്റ്‌സിന് സ്വന്തം ഹാഫിൽ ജാഗ്രത പാലിക്കേണ്ടി വന്നു. പതിവു പാസിങ് ഗെയിമുമായി കളിയുണ്ടാക്കുന്നതായിരുന്നു ഡച്ച് രീതി. അതുപക്ഷേ, കാര്യമായ അവസരങ്ങൾ തുറന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെതർലന്റ്‌സ് കളിയിൽ കാലൂന്നിക്കഴിഞ്ഞ ശേഷം 19-ാം മിനുട്ടിൽ ഗോൾ പിറക്കേണ്ടതായിരുന്നു. സെനഗലിന്റെ കോർണർ ഭേദിച്ചുള്ള പ്രത്യാക്രമണത്തിൽ ബെർഗ്വിൻ മുന്നോട്ടു പാസ് നൽകി ബെർഗുയ്‌സിനെ സ്വതന്ത്രനാക്കുന്നു. ബോക്‌സിനു സമീപത്തുവെച്ച് ബെർഗുയ്‌സ് സമയമൊട്ടും കളയാതെ സമാന്തരമായി ഓടിക്കയറിയ ഡിയോങ്ങിന് പന്ത് മറിക്കുന്നു. രണ്ടാമത്തെ ടച്ചിലെങ്കിലും ഡിയോങ് ഷോട്ടെടുത്തിരുന്നെങ്കിൽ ആദ്യഗോൾ അവിടെ പിറന്നേനെ. പന്ത് നിയന്ത്രിക്കാനുള്ള ശ്രമത്തിൽ 21-ാം നമ്പർ താരം സുവർണാവസരം തുലച്ചു. റീഓർഗനൈസ് ചെയ്ത സെനഗലുകാർ അപടകമൊഴിവാക്കി.

നെതർലന്റ്‌സ് ഗോൾകീപ്പർ ആന്ദ്രെ നൊപ്പർട്ടിന് ഇന്ന് അന്താരാഷ്ട്ര അരങ്ങേറ്റമായിരുന്നു. 25-ാം മിനുട്ടിൽ ഇസ്മായില സാറിന്റെ ഗോൾശ്രമം തടുക്കാൻ നൊപ്പർട്ടിന് ഏറെ പണിപ്പെടേണ്ടിവന്നു. ഡിഫൻസിന് പിടികൊടുക്കാതെ സാർ ഫാർ പോസ്റ്റിലേക്ക് തൊടുത്ത ആ ഷോട്ടിന് ഗോളാകാനുള്ള യോഗ്യതയുണ്ടായിരുന്നു.

രണ്ടാം പകുതിയിൽ ഡിലിറ്റും ഡംഫ്രിയ്‌സും കോഡി ഗാപ്‌കോയും ഓപറേറ്റു ചെയ്ത വലതുവിങ്ങിൽ നെതർലാന്റ്‌സിന് കൂടുതൽ മികച്ച നീക്കങ്ങളുണ്ടായി. എന്നാൽ, കാലിദു കൂലിബാലിയും പാപെ സിസ്സെയും നിറഞ്ഞുനിന്ന ഡിഫൻസ് അവയെ വേണ്ടവിധം കൈകാര്യം ചെയ്യുകയും ചെയ്തു. മധ്യനിരയിൽ നിരന്തരം അധ്വാനിച്ചു കൊണ്ടിരുന്ന ഷേഖു കുയാട്ടെയെ പരിക്കിൽ നഷ്ടപ്പെട്ടത് അവർക്കു ക്ഷീണമായി.

കളി അവസാനത്തോടടുക്കുമ്പോഴും വ്യക്തമായ ആധിപത്യം ആർക്കെന്നു പറയാനാവുമായിരുന്നില്ല. ദുർലഭമായ അവസരങ്ങളും ടൈറ്റ് ഡിഫൻസും മത്സരത്തെ അതിന്റെ സജീവതയിൽ നിലനിർത്തി. നൊപ്പർട്ടിനെ ഒന്നുരണ്ടു തവണ പരീക്ഷിച്ച സെനഗൽ അവസാന നിമിഷം ഗോളടിച്ചേക്കാമെന്നൊരു തോന്നലുമുണ്ടായി.

അതിനിടയിലാണ് കളിയുടെ വിധി നിർണയിച്ച് ഗോൾവരുന്നത്. ഫ്രെങ്കി ഡിയോങ് ബോക്‌സിലേക്കു ചെത്തി നൽകിയ പന്തിൽ ഓടിക്കയറി ഉയർന്നുചാടി ഗാപ്‌കോ തൊടുത്ത ഹെഡ്ഡർ കുറ്റമറ്റതായിരുന്നു. ഒരുപക്ഷേ, മത്സരത്തിൽ പൂർണതയോടെ നെതർലാന്റ്‌സ് എക്‌സിക്യൂട്ട് ചെയ്ത ആദ്യനിമിഷം. തുടക്കത്തിൽ നശിപ്പിച്ച അവസരത്തിന് പ്രായശ്ചിത്തം ചെയ്യുംപോലെയായിരുന്നു ഡിയോങ്ങിന്റെ ആ ക്രോസ്. തൂക്കവും വേഗവും വളവുമെല്ലാം കൃത്യം. പ്രതിരോധക്കാർക്കിടയിലൂടെ ചുവടുകൾവെച്ച് കൃത്യസമയത്ത് മുന്നോട്ടു കുതിച്ച്, മുന്നോട്ടുവന്ന സെനഗൽ കീപ്പർ എഡ്വാഡ് മെൻഡിയുടെ കൈതട്ടും മുമ്പേ ഗാപ്‌കോ പന്തിന് തലകൊണ്ട് അന്തിമചുംബനം നൽകി.

ഗോൾ തിരിച്ചടിക്കാൻ സെനഗലിന് സമയമുണ്ടായിരുന്നു. ബോക്‌സിനു പുറത്തുനിന്ന് അവർ ശ്രമങ്ങൾ നടത്തിനോക്കുകയും ചെയ്തു. പക്ഷേ, കടുപ്പമേറിയ ഡച്ച് ഡിഫൻസ് പൊളിച്ച് തുറന്ന അവസരങ്ങളുണ്ടാക്കുക ശ്രമകരമായിരുന്നു. എന്തുവില കൊടുത്തും സമനില ഗോൾ നേടണമെന്ന വാശിയിൽ അവർ ആക്രമണം ശക്തമാക്കിയപ്പോഴാകട്ടെ, അതുണ്ടാക്കിയ വിടവിൽ രണ്ടാം ഗോളും വീണു. മെംഫിസ് ഡിപേയുടെ ഷോട്ട് മെൻഡി തടഞ്ഞിട്ടത് നേരെ ചെന്നത് ഡേവി ക്ലാസന്റെ കാലിൽ. അത് ഗോളാക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല.

സെനഗൽ കൈമെയ് മറന്നുകളിച്ച സമയങ്ങളിൽ കളിക്കു ജീവൻ വെച്ചെങ്കിലും അവ ഗോളായി മാറാതിരിക്കാൻ ഡച്ച് ഡിഫൻസ് വേണ്ടതു ചെയ്തു. മുന്നോട്ടും പിന്നോട്ടും ഒരേ പോലെ സഞ്ചരിച്ച് പന്ത് വീണ്ടെടുത്തും വിതരണം ചെയ്ത് ഫ്രെങ്കി ഡിയോങ് സജീവമായി കളിച്ചു.

താരതമ്യേന ദുർബലരായ ഇക്വഡോറും ഖത്തറും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറാനുള്ള അവസരമാണ് ഡച്ചുപടക്ക് കൈവന്നിരിക്കുന്നത്. ഇക്വഡോറും സെനഗലും തമ്മിലുള്ള കളി, ഇരുടീമുകളുടെയും ഭാവി തീരുമാനിക്കും.

അപ്പോഴും അവശേഷിക്കുന്ന ഒന്നുണ്ട്…സാദിയോ മാനേ എന്ന വിസ്വായത്തറ കളിക്കാരൻ സെനഗലീസ് നിരയിൽ ഉണ്ടായിരുന്നെങ്കിൽ,മറ്റൊരു പുളിയേറിയ ഓറഞ്ച് അല്ലിയായി ഹോളണ്ടിന് ഈ മത്സരവും മാറിയേക്കാമായിരുന്നു.പക്ഷെ,മാനേയില്ലാത്ത സെനഗൽ കഷ്ടിച്ച് കടന്നുകൂടി എന്നാശ്വസിക്കാം ലൂയിസ് വാൻഹാളിന്റെ പിള്ളേർക്ക്.