സ്വർണക്കടത്ത് കേസ്: സ്വപ്‌നയെയും സംഘത്തെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും; എസ്പി ഷൗക്കത്തലി ചോദ്യം ചെയ്യലിന് നേതൃത്വം നൽകും

സ്വർണക്കടത്ത് കേസ്: സ്വപ്‌നയെയും സംഘത്തെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും; എസ്പി ഷൗക്കത്തലി ചോദ്യം ചെയ്യലിന് നേതൃത്വം നൽകും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്നയേയും, സംഘത്തേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയത് എന്‍ഐഎ സ്വര്‍ണക്കടത്തു കേസിനു നല്‍കുന്ന പ്രധാന്യം വ്യക്തമാക്കുന്നു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം ഉന്നത നേതാക്കളെ അറസ്റ്റു ചെയ്ത, മുടക്കോഴി മല അര്‍ധരാത്രി നടന്നു കയറി കൊടിസുനിയെയും സംഘത്തെയും പിടികൂടിയ എഎന്‍ഐ അഡിഷണല്‍ എസ്പി ഷൗക്കത്തലിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പാനായിക്കുളം സിമി കേസ്, കളിയിക്കാവിള വെടിവയ്പ് കേസ് തുടങ്ങിയ കേസുകള്‍ അന്വേഷിച്ച് പ്രശംസ പിടിച്ചുപറ്റിയ എന്‍ഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപി വധക്കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്‍ഐഎയിലേക്ക് ഡപ്യൂട്ടേഷനില്‍ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നല്‍കുമ്പോള്‍ തുടര്‍ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും ആകാംക്ഷയുണ്ട്. ഏതു ജോലിയും നിർഭയത്തോടെ പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് ഡിപാർട്ട്മെന്റിൽ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്.

കലാപമോ അക്രമാസക്തമായ മാര്‍ച്ചോ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ ആദ്യപരിഗണന ഷൗക്കത്തലിയായിരിക്കും. സിപിഎം നേതാവായ പി.മോഹനനെ അറസ്റ്റു ചെയ്യാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോള്‍ ദൗത്യം ഏറ്റെടുത്തത് ഷൗക്കത്തലിയാണ്. മുടക്കോഴി മലയില്‍ അര്‍ധരാത്രി കയറി കൊടി സുനിയെയും സംഘത്തെയും പിടികൂടിയതു കേരള പൊലീസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ‘സൈലന്റ് നൈറ്റ്’ എന്നു പേരിട്ട ആ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് ഷൗക്കത്തലിയാണ്. ആദ്യമായാണ് അത്തരമൊരു ഓപ്പറേഷന്‍ കേരള പൊലീസ് നടത്തുന്നത്.