പാറേച്ചാൽ ബൈപ്പാസിലെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് കഞ്ചാവ് വലിച്ചു: അഞ്ചംഗ സംഘം പിടിയിൽ

പാറേച്ചാൽ ബൈപ്പാസിലെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് കഞ്ചാവ് വലിച്ചു: അഞ്ചംഗ സംഘം പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: പാറേച്ചാൽ ബൈപ്പാസിലെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് കഞ്ചാവ് വലിച്ച അഞ്ചംഗ വിദ്യാർത്ഥി സംഘം പൊലീസ് പിടിയിലായി. ബൈപ്പാസിലെ ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു വിദ്യാർത്ഥി സംഘം കഞ്ചാവുമായി തമ്പടിച്ചിരുന്നത്. കഞ്ചാവ് മാഫിയയുടെ ശല്യം അതിരൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടാണ് വിദ്യാർത്ഥി സംഘത്തെ പൊലീസിനു കാട്ടിക്കൊടുത്തത്. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും വലിക്കുന്നതിനായി പ്രത്യേക തരത്തിൽ തയ്യാറാക്കിയ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാറേച്ചാൽ ബൈപ്പാസിലും പരിസരത്തും സന്ധ്യമയങ്ങിയാൽ കഞ്ചാവ് മാഫിയ സംഘം സജീവമാണെന്നു റിപ്പോർട്ട്ുകളുണ്ടായിരുന്നു. മാഫിയ സംഘത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്ത് രാത്രിയിൽ പുറത്തിറങ്ങി നടക്കാൻ പോലും ആളുകൾ ഭയപ്പെട്ടിരുന്നു. ബൈപ്പാസിലെ പാലത്തിനു സമീപത്തായാണ് ഗുണ്ടാ സംഘം തമ്പടിച്ച് കഞ്ചാവ് കച്ചവടം അടക്കം ചെയ്തിരുന്നത്. ഇതേ തുടർന്നു നാട്ടുകാർ വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കൈമാറി. ഇദ്ദേഹം ഡിവൈഎസ്പി ആർ.ശ്രീകുമാറിനെയും, വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
മൂന്നു ദിവസത്തോളമായി മഫ്തിയിൽ പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ മാഫിയ സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു ഇവർ വീടിനു പിന്നിൽ താവളം കണ്ടെത്തി. ഇവിടെ ഇരുന്ന് രഹസ്യമായി കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങിയതോടെ പൊലീസ് സംഘം ചാടി വീണ് കീഴപ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതികൾ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും നാലുവശത്തു നിന്നും പൊലീസ് വളഞ്ഞിരുന്നതിനാൽ രക്ഷപെടാൻ സാധിച്ചില്ല. തുടർന്നു വീട്ടിൽ നിന്നും മാതാപിതാക്കളെ വിളിച്ചു വരുത്തി സംഘത്തെ വിട്ടയച്ചു. കഞ്ചാവ് ഉപയോഗിച്ചതിനു ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.