നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാർ ബൈക്കിനു മുകളിലൂടെ കയറിയിറങ്ങിയതോടെ കാറിന്റെ ടയർ പഞ്ചറായി. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ഞായറാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ കോടിമത എം.ജി റോഡിലേയ്ക്കു തിരിയുന്ന വഴിയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും നഗരത്തിലേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം മുന്നിൽ പോയ ബൈക്ക് എം.ജി റോഡിലേയ്ക്കു തിരിഞ്ഞു. പിന്നാലെ എത്തിയ കാർ ബൈക്കിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി. കാറിന്റെ മുൻ ടയറുകൾ രണ്ടും പഞ്ചറാകുകയും ചെയ്തു. റോഡിൽ വീണെങ്കിലും ബൈക്ക് യാത്രക്കാരൻ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു.
എംസി റോഡിൽ നിന്നും എം.ജി റോഡിലേയ്ക്കു വാഹനങ്ങൾ തിരിയുന്നത് വലിയ അപകടത്തിന് പലപ്പോഴും ഇടയാക്കുന്നുണ്ട്. ഇവിടെ ഡിവൈഡറുകളോ മറ്റ് ദിശാസൂചകങ്ങളോ ഇല്ല. അതുകൊണ്ടു തന്നെ വാഹനങ്ങൾ തിരിയുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്. എം.സി റോഡിലൂടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്കു മുന്നിൽ പലപ്പോഴും അകപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാവും. ഇവിടെ ഡിവൈഡർ സ്ഥാപിക്കുകയോ, ഗതാഗത നിയന്ത്രണത്തിനു സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്നാണ് ആവശ്യം.