മാണിയുടെ തട്ടകത്തിൽ മാണിക്കെതിരെ പൊരുതി; നേട്ടങ്ങൾ നഷ്ടമായിട്ടും വീറോടെ കോൺഗ്രസിൽ ഉറച്ചു നിന്നു; എം.എം ജേക്കബിന്റെ മടക്കം രാജ്യം മുഴുവൻ വെട്ടിപ്പിടിച്ച ശേഷം

മാണിയുടെ തട്ടകത്തിൽ മാണിക്കെതിരെ പൊരുതി; നേട്ടങ്ങൾ നഷ്ടമായിട്ടും വീറോടെ കോൺഗ്രസിൽ ഉറച്ചു നിന്നു; എം.എം ജേക്കബിന്റെ മടക്കം രാജ്യം മുഴുവൻ വെട്ടിപ്പിടിച്ച ശേഷം

ശ്രീകുമാർ

പാലാ: സ്വാതന്ത്ര്യ സമരത്തിലൂടെ ആരംഭിച്ച എം.എം ജേക്കബിന്റെ പൊതുജീവിതം രാഷ്ട്രീയത്തിലെ ഒരു വലിയ സമരം തന്നെയായിരുന്നു. ഒതുക്കപ്പെട്ടപ്പോഴെത്താം അതിജീവനത്തിന്റെ കരുത്തോടെ തിരികെയെത്തിയ അതി ശക്തമായിരുന്നു ഡോ. എം.എം. ജേക്കബ്. എല്ലാക്കാലത്തും കെ.എം മാണിക്കെതിരെ തുറന്നടിച്ച് ജേക്കബ്, ഒരു തവണ അദ്ദേഹത്തിനെതിരെ പാലാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയോടെ മരിച്ച ജേക്കബിന്റെ മൃതദേഹം വൈകിട്ട് അഞ്ചിനു രാമപുരത്തെ വസതിയിൽ എത്തിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു രാമപുരം സെന്റ് അഗസ്ത്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കാര ശുശ്രൂഷ നടക്കും.
സ്വാതന്ത്ര്യസമരസേനാനി, കോൺഗ്രസിന്റെ സമുന്നത നേതാവ്, മികച്ച പാർലമെന്റേറിയൻ, മുൻ ഗവർണർ ജേക്കബിന്റെ പ്രതിഭയുടെ കയ്യൊപ്പ്് പതിയാത്ത മേഖലകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറയും. പാലാ രാമപുരത്ത് മുണ്ടക്കൽ കുടുംബത്തിൽ ഉലഹന്നൻ മാത്യു-റോസമ്മ ദമ്പതികളുടെ മൂന്നാമകനായി 1928 ഓഗസ്റ്റ് ഒൻപതിനാണ് ജേക്കബ് ജനിച്ചത്. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തേവര സേക്രട്ട് ഹാർട്ട് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് എം.എ., എൽ.എൽ.ബി ബിരുദങ്ങൾ സമ്പാദിച്ചു. അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യൽ സയൻസിൽ പഠനവും പരിശീലനവും നേടി.
വിദ്യർത്ഥിയായിരിക്കെ കോളേജിലും സ്‌കൂളിലും സംഘടനാ പ്രവർത്തനങ്ങളിലടക്കം സജീവമായാണ് ജേക്കബ് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുന്നത്. ഈ സമയത്ത് കോളേജിലെ ഫുട്‌ബോൾ ടീമിലെ സജീവസാന്നിധ്യവുമായിരുന്നു ജേക്കബ്.
തേവര കോളജിൽ യൂണിയൻ സെക്രട്ടറിയായിരുന്ന ജേക്കബ് സ്വാതന്ത്ര്യ സമരത്തിലെ പല വേദികളിലും തീപ്പൊരി പ്രസംഗികനായും എത്തിയിരുന്നു. മദ്രാസ്, ലക്നൗ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി സംഘടനകളുടെ ഭാരവാഹിയും ആയിരുന്നു. കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എന്റോൾ ചെയ്ത് കോട്ടയത്ത് പ്രാക്ടീസ് ആരംഭിച്ചെങ്കിലും ഭൂദാന പ്രസ്ഥാനം, ഭാരത് സേവക് സമാജ്, മുതലായ അഖിലേന്ത്യാ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി മുഴുവൻ സമയസമൂഹ്യപ്രവർത്തനകനായിത്തീരുകയും ദേശീയ നേതൃത്വനിരയിൽ എത്തിച്ചേരുകയും ചെയ്തു. ഭൂദാൻ മൊബൈൽ വർക്ക് സ്‌ക്വാഡിന്റെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും കോട്ടയത്ത് മാങ്ങാനം ആസ്ഥാനമാക്കി പ്രവർത്തിക്കുകയും ചെയ്തു.
ഭാരത് സേവക് സമാജത്തിന്റെ കേരളാഘടകം ചെയർമാനായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 1957-ൽ ഇന്ത്യാ ഗവൺമെന്റിന്റെ തൊഴിൽമന്ത്രാലയം അഭ്യസ്തവിദ്യരും തൊഴിലില്ലാത്തവരുമായവരെ പരിശീലിപ്പിക്കുവാൻ ആസൂത്രണം ചെയ്ത കളമശേരിയിലെ വർക്ക് ആൻഡ് ഓറിയന്റേഷൻ സെന്റർ എന്ന പൈലറ്റ് പ്രോജക്ടിന്റെ ട്രെയിനിംഗ് സൂപ്പർവൈസറായും ലയ്സൺ ഓഫീസറായും ജേക്കബ് പ്രവർത്തിച്ചു. ഒരു മുഴുവൻ സമയ സാമൂഹ്യ പ്രവർത്തകനായി മാറിയ അദ്ദേഹം ലോകകാര്യക്ഷേത്ര, അർബൻ സോഷ്യൽ വെൽഫെയർ പ്രോജക്ട്സ്, സ്ലം സർവീസ് കേന്ദ്രങ്ങൾ, നിശാ അഭയകേന്ദ്രങ്ങൾ മുതലായ പലവിധ പദ്ധതികൾക്ക് നേതൃത്വം നല്കി.
തേവരയിലും രാജഗിരിയിലും ആരംഭിച്ച സാമൂഹ്യ സേവന വിദ്യാഭ്യാസ സ്ഥാപനത്തിൽ, സാമൂഹ്യ സേവന വിഷയത്തിൽ വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1964 മുതൽ 1967 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുനന ഗുൽസാരിലാൽ നന്ദായുടെ താല്പര്യപ്രകാരം കേരളത്തിലെ സദാചാര സമിതിയുടെ കൺവീനറായി സേവനം അനുഷ്ഠിച്ചു.
സഹകരണ പ്രസ്ഥാനരംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, പാലാ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്ടർ, ചിത്രലേഖാ ഫിലിം കോർപ്പറേഷൻ സൊസൈറ്റിയുടെ ചെയർമാനായും പ്രവർത്തിക്കുകയുണ്ടായി. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ (1974-78), ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ (1977-1978) പ്രഥമ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ച ജേക്കബ്സാർ, ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെയും ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കോഫി ബോർഡിന്റെയും ഇന്ത്യൻ റബർബോർഡിന്റെയും ഭരണസമിതിയംഗമായിരുന്നു. നാഷണൽ അലയൻസ് ബോർഡിന്റെയും ഭരണസമിതിയംഗമായിരുന്നു. നാഷണൽ അലയൻസ് ഓഫ് യംഗ് എന്റർപ്രണേഴ്സ് എന്ന സംഘടനയുടെ കേരള ഘടകത്തിന്റെ ചെയർമാൻ (1974-76) ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഡയറക്ടർ, റെഡ്ക്രോസ് കേരളാഘടകത്തിന്റെ ഡയറക്ടർ, കേരള സംസ്ഥാന വിനോദസഞ്ചാര ഉപദേശകസമിതിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.
ചൈന ഇന്ത്യ ആക്രമിച്ചപ്പോൾ കേരളാ ഗവൺമെന്റ് രൂപീകരിച്ച യുവജന വിദ്യാർത്ഥി കൗൺസിലിന്റെ മുഖ്യ പ്രവർത്തകനായിരുന്നു അദ്ദേഹം. കേരള യൂത്ത് ഹോസ്റ്റലിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുകയുണ്ടായി. ആ കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വച്ച് യൂത്ത് ഹോസ്റ്റൽ അസോസിയേഷന്റെ ഏഴാമത് ദേശീയ സമ്മേളനം )1964) നടന്നത്.
കെ.പി.സി.സി. ജനറൽ സെക്രട്ടറി, ട്രഷറർ, കേരള സ്റ്റേറ്റ് സേവാദൾ ബോർഡ് ചെയർമാൻ, ഐഡിയോളജിക്കൽ സെല്ലിന്റെ കൺവീനർ, എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു. വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടർ, ഭാരത് സേവക് സമാജത്തിന്റെ ജേർണലിന്റെയും കോൺഗ്രസ് റിവ്യു എന്ന പ്രസിദ്ധീകരണത്തിന്റെയും പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982 മുതൽ 12 വർഷക്കാലം പാർലമെന്റിന്റെ രാജ്യസഭയിൽ അദ്ദേഹം അംഗമായിരുന്നു. സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ (1981-85) പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സസ് (1993-94) ചെയർമാൻ, രാജ്യസഭയുടെ ഉപാധ്യക്ഷൻ (1986) പാർലമെന്ററി കാര്യമന്ത്രി (1986-89) ജലവിഭവകാര്യമന്ത്രി (1986-89) കോൺഗ്രസ് പാർട്ടിയുടെ പാർലമെന്റിലെ ചീഫ് വിപ്പ് (1989-91) കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി (1991-93) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1995 -ൽ മേഘാലയ ഗവർണറായി നിയമിതനായി.

മേഘാലയത്തിൽ മന്ത്രിസഭാ പ്രതിനിധികളും ഗ്രൂപ്പുകളും ഉണ്ടായപ്പോഴെല്ലാം രാഷ്ട്രത്തിനതീതമായി അദ്ദേഹത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കുവാൻ ഭരണപ്രതിപക്ഷകക്ഷികൾ തയാറായിട്ടുണ്ട്. അന്തർദേശീയ തലത്തിൽ നടന്നിട്ടുള്ള നിരവധി സമ്മേളനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ 1956-ൽ നടന്ന യുവജന നേതാക്കന്മാരുടെ ക്യാമ്പിലും 1957-ൽ മോസ്‌കോയിൽ നടന്ന ആറാമത് യുവജന കോൺഫറൻസിലും അതേവർഷം തന്നെ ഉത്തര വിയറ്റ്നാമിലും ചൈനയിലും നടന്ന അന്തർദേശീയ സമ്മേളനങ്ങളിലും ഇന്ത്യയിൽനിന്നുള്ള യുവജനപ്രതിനിധിയായി പങ്കെടുക്കുകയുണ്ടായി. 1963-ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന അന്തർദേശീയ തലത്തിലുള്ള സാമൂഹ്യപ്രവർത്തകരുടെ സമ്മേളനത്തിലും 1968-ൽ ജർമനിയിലെ ബോണിൽ നടന്ന വികസ്വര രാജ്യങ്ങളിലെ യുവജനനേതാക്കന്മാരുടെ സമ്മേളനത്തിലും, 1976-ൽ അന്തർദേശീയ സോഷ്യൽ അഡ്മിനിസ്ട്രേഷൻ പ്രവർത്തകരുടെ യു.എസ്.എയിലെ ഒഹിയോയിലെ €ിവ് ലാന്റ് സമ്മേളനത്തിലും 1975-ൽ മലേഷ്യയിലെ കോലൊലംപൂരിലും 1980-ൽ ശ്രീലങ്കയിലും വച്ചു നടന്ന റബർ ഉത്പാതക രാഷ്ട്രങ്ങളിലെ പ്രതിനിധികളുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1986-ൽ ലണ്ടനിൽ വച്ചുനടന്ന കോമൺവെൽത്ത് അംഗരാഷ്ട്ര ങ്ങളിലെ പാർലമെന്റ് മെംബർമാരുടെ സമ്മേളനത്തിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ പങ്കെടുത്തു. മധ്യ ആഫ്രിക്കയിലെ സെയർ എന്ന സ്ഥലത്തുവച്ചു നടന്ന പാർലമെന്റംഗങ്ങളുടെ ഡലഗേഷനെ നയിച്ച ജേക്കബ്സർ 1989-ൽ ബൂഡാപെസ്റ്റിലും 1985-ൽ മെക്സിക്കോയിലും നടന്ന പാർലമെന്റംഗങ്ങളുടെ അന്തർദേശീയ സമ്മേളനങ്ങളിലും ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോഗത്തിൽ പങ്കെടുക്കാൻ 1985-ലും 1993-ലും ന്യൂയോർക്കിലേക്ക് ജേക്കബ് പോവുകയുണ്ടായി. ഫ്രാൻസിൽ നടന്ന ഹ്യൂമൻ റൈറ്റ്സ് കോൺഫറൻസിലും (1993) ആസ്ത്രിയയിലെ വിയന്നായിൽ നടന്ന (1993) കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനത്തിലും പങ്കെടുത്ത ജേക്കബ് 1994-ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ നിരീക്ഷകനായും പങ്കെടുത്തു.
കേരള കോൺഗ്രസിന്റെയും കെ.എം മാണിയുടെയും കടുത്ത വിമർശകനായിരുന്ന എം.എം ജേക്കബ് തിരഞ്ഞെടുപ്പിൽ കെ.എം മാണിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് യോഗങ്ങളിലെല്ലാം കെ.എം മാണിക്കെതിരെ ശക്തമായ നിലപാടാണ് എം.എം ജേക്കബ് സ്വീകരിച്ചിരുന്നത്. മരണം വരെയും അദ്ദേഹം ആ നിലപാട് പിൻതുടരുകയും ചെയ്തു.
എം.എം ജേക്കബിന്റെ സംസ്‌കാര ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ആലഞ്ചേരി , പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

ഭാര്യ പരേതയ അച്ചാമ്മ തിരുവല്ല കുന്നുതറ കുടുംബാംഗമാണ്.

മക്കൾ:
ജയ (കേരളാ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ, തിരുവനന്തപുരം),
ജസ്സി (ഇന്ത്യൻ എംബസ്സി, ജർമ്മനി )
എലിസബത്ത് (എയർ ഇന്ത്യാ എറണാകുളം)
റേച്ചൽ (ചെന്നൈ)

മരുമക്കൾ:
കെ.സി.ചന്ദ്രഹാസൻ (കേരള ട്രാവൽസ്)
പരേതനായ ഫാൽക്ക് റെയ്റ്റ്‌സ് (ജർമ്മിനി),
തോമസ് എബ്രഹാം (ബിസിനസ്, എറണാകുളം),
എൽഫിൻ മാത്യൂസ് (ബിസിനസ്, ചെന്നൈ)
സഹോദരങ്ങൾ:
പരേതരായ ജോൺ മുണ്ടക്കൽ, മാത്യൂ സഖറിയാസ്