ഗ്യാസിന് സ്വർണ്ണവില : സിലിണ്ടറിന് ആക്രിവില ; ഗ്യാസ് വാങ്ങാൻ സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് പ്രതിഷേധം ; വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്
സ്വന്തം ലേഖകൻ
കോട്ടയം: ഗ്യാസിന് സ്വർണ്ണ വില, എന്നാൽ സിലിണ്ടറിന് ആക്രിവില. ഭക്ഷണം പാകം ചെയ്യുന്നതിന് സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് ജനങ്ങളുടെ പ്രതിഷേധം. വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്.
അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഗ്യാസ് വില വർദ്ധനവിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ച് സിലിണ്ടർ ആക്രിവിലക്കു തൂക്കി വിറ്റ് പ്രതിഷേധിച്ചത്. പ്രതിഷേധയോഗത്തിൽ, വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. മോളി തോമസ്, ലിസമ്മ ബേബി, ബിനോയ് മാത്യു, ഷൈലജ റെജി, ജോയിസ് കൊറ്റത്തിൽ, ജോസഫ് ചാമക്കാല, ജെയിംസ് കുന്നപ്പള്ളി, ഗീതാ രാധാകൃഷ്ണൻ, ജോസ് കൊറ്റം, ലാൽസി പി. മാത്യു, ജിജി നാകമറ്റം, ജോസ് കുടകേശരി, എബ്രാഹം ഫിലിപ്പ്, എം. ജി. ഗോപാലൻ, റ്റോമി ചക്കുപാറ, ഷിനു ചെറിയാൻതറ തുടങ്ങിയവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കൊണ്ട് നട്ടം തിരിഞ്ഞ് നിൽകുന്ന ജനങ്ങളുടെ മേൽ ഇരുട്ടടി എന്ന പോലെയാണ് ഗ്യാസ് വില അനുദിനം വർദ്ധിക്കുന്നത്. ഡൽഹി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 147 രൂപ കൂടി 881 രൂപയായി വർദ്ധിച്ചിട്ടുണ്ട്. 734 രൂപയായിരുന്നു പാചക വാതക സിലിണ്ടറുകളുടെ പഴയ വില.
ജനുവരി രണ്ടിന് 20 രൂപ വില കൂടിയിരുന്നു. എന്നാൽ നൂറ് രൂപയിലധികം വില ഉയരുന്നത് ആദ്യം. 290 രൂപയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ പലതവണയായി സബ്‌സിഡി രഹിത സിലിണ്ടറുകൾക്ക് വർദ്ധിച്ചത്. പ്രതിവർഷം പന്ത്രണ്ട് സിലിണ്ടറുകളാണ് പെട്രോളിയം കമ്പനികൾ ഓരോ ഗാർഹിക കണക്ഷനും അനുവദിച്ചിരിക്കുന്നത്.
എന്നാൽ സബ്‌സിഡിയുള്ള സിലിണ്ടറുകൾക്കും വാങ്ങുന്നവർ പാചകവാതക സിലിണ്ടറിന്റെ മാർക്കറ്റ് നിരക്ക് നൽകണം. പിന്നീട് സബ്‌സിഡി നിരക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് എത്തും.