ഊത്തപിടുത്തം വെറും മീന്‍ പിടുത്തമല്ല; കൂട്ടക്കുരുതിയാണ്; ആദ്യതവണ 15,000 രൂപ പിഴ, രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവ്; ഊത്തപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആര്‍ക്കും വിവരം നല്‍കാം; കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
കോട്ടയം: മഴ കനത്തതോടെ കോവിഡിനെ വക വെക്കാതെ മീന്‍പിടുത്തക്കാര്‍ ആയുധങ്ങളുമായി പുഴയിലും തോടുകളിലും ഇറങ്ങിത്തുടങ്ങി. പുത്തന്‍ മഴയില്‍ പ്രജനനനം നടത്താനായി കുതിച്ചെത്തുന്ന മത്സ്യങ്ങളെ കൂട്ടമായി പിടിക്കുന്ന പരിപാടിയാണ് ഇനി നാട്ടിന്‍പുറങ്ങള്‍ കാണാനാവുക. വിനോദത്തിനു വേണ്ടി നടത്തുന്ന ഈ കസര്‍ത്തിനെ ഊത്തപിടിത്തം എന്നാണ് പൊതുവേ പറയുന്നത്.
നമ്മുടെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളുണ്ട്. ഇവയിലധികവും പുഴകളില്‍ നിന്നും നെല്‍പ്പാടങ്ങളിലേക്കോ നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്തുന്നത് പ്രജനനത്തിന് വേണ്ടിയാണ്. ഊത്തയിളക്കം എന്നാണ് ഇതിനെ പറയുന്നത്. നിറയെ മുട്ടയുമായി, ഒഴുക്കിനെതിരെ നീന്തി പ്രജനനകേന്ദ്രങ്ങളിലെത്തി മുട്ട നിക്ഷേപിച്ച് വിരിയിക്കുന്നു. വംശം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള യാത്രയാണ് മത്സ്യങ്ങളുടെ ഈ കൂട്ടപലായനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രയ്ക്കിടയില്‍ വച്ച് കൂട്ടത്തോടെ മത്സ്യങ്ങള്‍ പിടിക്കുന്നത് ആഘോഷമാക്കുകയാണ് ഊത്തപിടിത്തത്തിലൂടെ. ഉള്ളില്‍ മുട്ടയുള്ള മീനുകളാണ് ഏറെയും. ഈങ്ങനെ പിടികൂടുമ്പോള്‍ വംശനാശത്തിനാണ് അത് കാരണമാകുന്നത്. കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെട്ടിരുന്ന 210 ഇനം മത്സ്യങ്ങളില്‍ ഇപ്പോള്‍ ഏതൊക്കെ ഇനങ്ങളാണ് അവശേഷിക്കുന്നത് എന്നു പരിശോധിച്ചാല്‍ തന്നെ ഊത്തപിടുത്തം നമ്മുടെ മത്സ്യ സമ്പത്തിന് ഏല്‍പ്പിച്ച ആഘാതം തിരിച്ചറിയാനാകും. മഴക്കാലത്ത് മാത്രം നിറഞ്ഞാഴുകുന്ന തോടുകളില്‍ നിന്നും വയലുകളില്‍ നിന്നും ഇത്തരത്തില്‍ ഊത്തപിടിക്കപ്പെടുന്നുണ്ട്.
മുള ഉപയോഗിച്ചുകൊണ്ടുള്ള ഒറ്റല്‍, കൂട്, അടിച്ചില്‍, ചാട്ടം (ചാടുന്ന മത്സ്യങ്ങളെ പിടിക്കാന്‍ ഉപയോഗിക്കുന്നു), നത്തൂട് (ചെറിയ വെള്ളച്ചാ ട്ടങ്ങളില്‍ ഉപയോഗിക്കുന്നു), വെട്ടിപ്പിടുത്തം (വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നു) എന്നിവക്കു പുറമെ വീശുവലയും ഇലക്ട്രിക് ഷോക്കും വരെ മീനുകളെ പിടിക്കാന്‍ ഉപയോഗിക്കുന്നു.
ഊത്തപിടുത്തം വ്യാപകമായതോടെ പ്രജനനകാലം മത്സ്യവംശത്തിന്റെ അന്ത്യം കുറിക്കുകയാണ്. ഊത്തപിടുത്തത്തിനെതിരേ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആദ്യ തവണ 15,000 രൂപ പിഴയും രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവും വിധിക്കാമെന്നാണ് ചട്ടം.
പ്രജനന കാലത്ത് പിടികൂടരുതെന്നു മാത്രമാണ് പറയുന്നത്. അതിനു ശേഷമുള്ള കാലങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സങ്ങളൊന്നുമില്ല. ഊത്തപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലേക്ക് ആര്‍ക്കും വിവരം നല്‍കാവുന്നതാണ്.