കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാൻ വൈകിയതിൽ പ്രതിഷേധം; കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി

കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാൻ വൈകിയതിൽ പ്രതിഷേധം; കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ആലത്തൂരിൽ കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി. കർഷകനായ കാവശ്ശേരി വേപ്പിലശ്ശേരി വേലൂർ വീട്ടിൽ രാജേഷ്(42 )ആണ് കൊയ്ത്തു കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കൃഷിഭവനു മുന്നിൽ നെല്ലു കൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് .

ഇന്നലെ രാവിലെ ട്രാക്ടറിൽ നെല്ല് എത്തിച്ചു കാവശ്ശേരി കൃഷിഭവനു മുന്നിൽ കൂട്ടിയിട്ട ശേഷം ഒരു കുപ്പി പെട്രോളുമായി രാജേഷ് ഭീഷണി മുഴക്കി.നെല്ലെടുക്കാമെന്നു പാഡി മാർക്കറ്റിങ് ഓഫിസർ നേരിട്ട് അറിയിച്ചതോടെയാണു പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരകുളം പാടശേഖരത്തിൽ രണ്ടാം വിള കൊയ്തെടുത്ത 12,000 കിലോ നെല്ല് ഉണക്കി സൂക്ഷിച്ച് അളക്കാൻ കാത്തിരിക്കുകയായിരുന്നു രാജേഷ്. കൂടാതെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന രാജേഷ് ജോലി മതിയാക്കിയപ്പോൾ കിട്ടിയ തുക ഉപയോഗിച്ച് 4 ഏക്കർ വാങ്ങിയാണു കൃഷിയിറക്കിയത്.

ഇതിനു പുറമേ പാട്ടത്തിനു സ്ഥലമെടുത്തു കൃഷി ചെയ്തിരുന്നു. വേനൽമഴ വന്നാൽ ഉണക്കി സൂക്ഷിച്ച നെല്ല് നശിക്കും. മിൽ അലോട്മെന്റിനായി കൃഷി ഓഫിസിൽനിന്നു സപ്ലൈ ഓഫിസിലേക്ക് അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും സംഭരണത്തിനുള്ള നടപടികൾ തുടങ്ങിയില്ല. ഇതിനിടെ, ബാങ്കിൽനിന്നു കൃഷിക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ അറിയിപ്പു കിട്ടി. തുടർന്നായിരുന്നു പ്രതിഷേധത്തിനു ഇടയാക്കിയത് .