play-sharp-fill
‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്’ ; താരങ്ങളെ താരമാക്കിയ തമ്പുരാന്റെ ഹിറ്റ് ഡയലോഗുകളിലൂടെ ഒരിക്കല്‍ കൂടി

‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്’ ; താരങ്ങളെ താരമാക്കിയ തമ്പുരാന്റെ ഹിറ്റ് ഡയലോഗുകളിലൂടെ ഒരിക്കല്‍ കൂടി

വിഷ്ണു ഗോപാല്‍

ഏറ്റുമാനൂര്‍: ‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്…’, സീസറിനുള്ളത് സീസറിന് തന്നെ വരും..’

മെഗാസ്റ്റാറിനെയും കംപ്ലീറ്റ് ആക്ടറെയും മലയാളിക്ക് തന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹൃദയം നിലച്ച് പോയ ഈ കോട്ടയംകാരനാണ്, ഡെന്നിസ് ജോസഫ്. മമ്മൂട്ടി- പെട്ടി- കുട്ടി കോംബോ പ്രക്ഷകര്‍ക്ക് മടുത്ത് തുടങ്ങിയപ്പോള്‍, തുടര്‍ പരാജയങ്ങള്‍ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു ‘ന്യൂഡല്‍ഹി’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി ജി കൃഷ്ണമൂര്‍ത്തിയെന്ന കഥാപാത്രം മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്സ് ഓഫീസില്‍ തിരികെയെത്തിച്ചു.

 

‘രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്? ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു, പ്രിന്‍സ്…രാജകുമാരന്‍…രാജാവിന്റെ മകന്‍. യെസ് ഐ ആം എ പ്രിന്‍സ്, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്… അധോലോകങ്ങളുടെ രാജകുമാരന്‍”.

‘മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും..’

വിന്‍സന്റ് ഗോമസിന്റെ ഡയലോഗ് തിയേറ്ററിലെ ഇരുട്ടില്‍ മുഴങ്ങുമ്പോള്‍ കൈയടിച്ച കാലം പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല.

 

മമ്മൂട്ടിയ്ക്ക് കരുതിവച്ച വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രമാകാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എന്തുകൊണ്ടോ അദ്ദേഹം തമ്പി കണ്ണന്താനത്തിന് ഡേറ്റ് കൊടുത്തില്ല. അങ്ങനെയാണ് തമ്പി കണ്ണന്താനം മോഹന്‍ലാലിനെ വച്ച് രാജാവിന്റെ മകന്‍ ഒരുക്കുന്നത്.

മൈ ഫോണ്‍ നമ്പര്‍ ഈസ് 2255... ഈ നമ്പര്‍ ഡയല്‍ ചെയ്ത് മോഹന്‍ലാല്‍ എന്ന വില്ലന്‍ നായകനായി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. പിന്നീടങ്ങോട്ട് ആ രാജാവിന്റെ മകന്‍ മലയാള സിനിമയുടെ രാജാവായി അവരോധിക്കപ്പെട്ട കാഴ്ചയാണ് സിനിമാ ലോകം കണ്ടത്…-കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്..!

‘മോഹന്‍ലാല്‍ വരുമോ… ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാവും….
പല മാന്യന്യമാരും സമുദായ സ്‌നേഹികളും… മഹാത്മാ ഗാന്ധി മുതല്‍ എ.കെ ഗോപാലാന്‍ വരെ ജയിലില്‍ കിടന്നിട്ടുള്ളവരാണ് ..
അത് പോലെ …
രാഷ്ട്രീയ പരമായ ചില കാരണങ്ങളാല്‍ .. നാഗാലാന്‍ഡിന്റെയും . മധ്യ പ്രദേശിറെയും ചില രാഷ്ട്രീയ പ്രശ്‌നങ്ങളെ സംബന്ധിച്ച് കോ ഫേ പോസേ പ്രകാരം കുഞ്ഞച്ചന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കിടന്നപ്പോഴാണ് … ജോഷി ന്യൂഡല്‍ഹി സിനിമ ഷൂട്ട് ചെയ്തത് ..
അന്ന് മുതലുള്ള സുദൃഡവും ഗാഡവുമായ ബന്ധത്തെ തുടര്‍നാണ് ജോഷി മോഹന്‍ലാലിനെ വിടാമെന്ന് സമ്മതിച്ചത് ..
അല്ലെങ്കില്‍ തന്നെ കുഞ്ഞച്ചന്‍ ചേട്ടന്‍ വിളിച്ചാല്‍ എനിക്ക് വരാതിരിക്കാനാവുമോ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്..’

ഫസ്റ്റ് പ്രിവ്യൂ കണ്ടശേഷം കോട്ടയം കുഞ്ഞച്ചന്റെ പ്രൊഡ്യൂസറായിരുന്ന അരോമ മണി പടം പൊട്ടുമെന്ന് ഉറപ്പിച്ച് പറഞ്ഞു. മൂന്ന് മണിക്കൂറിലധികമുണ്ടായിരുന്ന ചിത്രം എഡിറ്ററുടെ ഒപ്പമിരുന്ന് ഡെന്നിസ് തന്നെ കൃത്യമായി അളന്ന് മുറിച്ചു. നിരാശനായിരുന്ന അരോമ മണി തന്നെ തിയേറ്ററുകളില്‍ പകുതിയും വിളിച്ച് ക്യാന്‍സല്‍ ചെയ്തു. പക്ഷേ, ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ കുഞ്ഞച്ചനെ കേരളമേറ്റെടുത്തു…

കോട്ടയം കുഞ്ഞച്ചന്റെ പ്രിവ്യൂ കണ്ട ഹരിഹരന്റെ കമെന്റ് മറ്റൊന്നായിരുന്നു, ഒന്നുകില്‍ ഈ ചിത്രം ഫ്‌ളോപ്പാകും, ഇല്ലെങ്കില്‍ മമ്മൂട്ടിയുടെ ഇനിയുള്ള ചിത്രങ്ങളിലും കോട്ടയം കുഞ്ഞച്ചനെ കാണാനാകും..!

 

‘വേദങ്ങളൊക്കെ പഠിച്ചു. ഉപനിഷത്തുകളും പുരാണങ്ങളും സ്മൃതികളുമൊക്കെ, എന്നിട്ടും ഞാനാരാണെന്ന് എനിക്കറിയില്ല…ബ്രാഹ്മണനോ ക്ഷത്രിയനോ ശൂദ്രനോ..ആരുടെ കര്‍മ്മമാണ് ഞാന്‍ അനുഷ്ഠിക്കേണ്ടത്.. ആരായിട്ടാണ് ഞാന്‍ ജീവിക്കേണ്ടത്..?

സംവിധാനം ചെയ്ത സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അഥര്‍വ്വം. ഇളയരാജ താരങ്ങള്‍ക്കൊപ്പം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലം. അഥര്‍വ്വത്തിന് സംഗീതമൊരുക്കാമോ എന്ന ആവശ്യവുമായി ചെന്ന ഡെന്നിസ് ജോസഫിനോട് നിങ്ങള്‍ ആരാണെന്നായിരുന്നു ഇളയരാജയുടെ ചോദ്യം.

ചെന്നൈ ന്യൂ തിയേറ്ററലോടുന്ന ന്യൂഡല്‍ഹിയുടെ തിരക്കഥാകൃത്താണെന്ന് പറഞ്ഞതോടെ രംഗം ശാന്തമായി. 45 മിനിറ്റ് കൊണ്ടാണ് അഥര്‍വ്വത്തിലെ പാട്ടുകള്‍ ഇളയരാജ കമ്പോസ് ചെയ്തത്…

‘എന്റെ ഇടി എന്നു പറഞ്ഞാല്‍ ഫാന്റത്തിന്റെ ഇടി പോലെയാ..’, ലോതറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഏവരുടേയും മനസ്സിലേക്കെത്തുന്ന ഡയലോഗാണിത്.

‘മൈ ഡിയര്‍ കുട്ടിച്ചാത്ത’നു ശേഷം മലയാളം കണ്ട ഏറ്റവും വലിയ വിജയം നേടിയ കുട്ടികളുടെ ചിത്രമായാണ് മനു അങ്കിള്‍ കണക്കാക്കപ്പെടുന്നത്. നായകന്‍ മമ്മൂട്ടിയാണെങ്കിലും ഏറെ കൈയ്യടി നേടിയത് ചിത്രത്തിലെ കുട്ടിപ്പട്ടാളവും സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപനും ആയിരുന്നു.

ജഗതി ശ്രീകുര്‍ ചെയ്യേണ്ടിയിരുന്ന വേഷം സുരേഷ് ഗോപിയിലേക്ക് എത്തുകയായിരുന്നു. ഡെന്നിസിന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജിന്റെ പൊലീസ് സുഹൃത്തായിരുന്നു യഥാര്‍ത്ഥ മിന്നല്‍ പ്രതാപന്‍..!

‘ഒരിക്കല്‍കൂടി എനിക്കെന്റെ കുഞ്ഞുങ്ങളെ കാണണം, ഒരു ദിവസം..ഒറ്റ ദിവസം കൂടി എനിക്ക് ജീവിക്കണം..’

ആനിയെയും കുഞ്ഞുങ്ങളെയും ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണ് നിറയും.  എത്ര കരഞ്ഞാലും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ഇമോഷണല്‍ ബോണ്ടിംഗ് ഉള്ള ചിത്രമാണ് മലയാളിക്ക് ആകാശദൂത്.

പക്ഷേ, ആദ്യ ആഴ്ചകളില്‍ തന്നെ ചില തിയേറ്ററുകളില്‍ നിന്ന് ഹോള്‍ഡ് ഓവറായ ചിത്രമായിരുന്നു അത്. എന്നാല്‍ ആകാശദൂത് കാണാനെത്തുന്നവര്‍ക്ക് തൂവാല എന്ന പ്രമോഷന്‍ ക്ലിക്കായി. കര്‍ച്ചീഫ് കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങള്‍ അടുത്ത ആളുകളോട് സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങി.

‘ഇന്നലെ ഒരു സിനിമയ്ക്കുപോയി ആകാശദൂത്, കരഞ്ഞ് ഇടപാടു തീര്‍ന്നു, കര്‍ച്ചീഫ് തന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന്’. മൗത്ത് പബ്ലിസിറ്റി വര്‍ക്ക്ഔട്ട് ആയി. 17 ാമത്തെ ദിവസം കേരളം മുഴുവന്‍ എല്ലാ തിയറ്ററുകളിലും ആകാശദൂത് ഹൗസ്ഫുള്‍ ആയി.

സീനുകളോട് ചേര്‍ന്ന് വരുന്ന കരുത്തുറ്റ സംഭാഷണങ്ങള്‍ക്ക് പുറമേ മനു അങ്കിളിനൊപ്പം ചിരിപ്പിക്കാനും ആകാശദൂതിലെ ആനിക്കൊപ്പം മലയാളക്കരയെ മുഴുവന്‍ കണ്ണീരിലാഴ്ത്താനും ഡെന്നിസ് ജോസഫിന് കഴിഞ്ഞു. പകയും പ്രതികാരവും പ്രണയവും റിയലിസ്റ്റിക്കായി അയി അവതരിപ്പിച്ച, അത് വരെ ഉണ്ടായിരുന്ന സിനിമാ സമവാക്യങ്ങള്‍ മാറ്റി മറിച്ച പൊന്നും വിലയുള്ള എഴുത്തുകാരന്‍.

ഡെന്നിസ് ജോസഫ്- ഒമര്‍ ലുലു- ബാബു ആന്റണി കൂട്ട് കെട്ടിലൊരുങ്ങുന്ന പവര്‍സ്റ്റാര്‍ എന്ന തട്ട് പൊളിപ്പന്‍ മാസ് ചിത്രം പൂര്‍ത്തിയാക്കാതെയാണ് ആ സ്്റ്റാര്‍ മേക്കര്‍ വിടവാങ്ങിയത്…

Tags :