അസ്തമിച്ചു ഗൗരീയുഗം; കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ തളരാത്ത പെണ്‍കരുത്ത്

അസ്തമിച്ചു ഗൗരീയുഗം; കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ തളരാത്ത പെണ്‍കരുത്ത്

Spread the love

 

സ്വന്തം ലേഖകന്‍

 

തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മ(102) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരത്തില്‍ അണുബാധയും മൂത്രാശയസംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറഞ്ഞിരുന്നു.

 

കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി…’ കെ.ആര്‍ ഗൗരിയമ്മയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ അംഗമായ ഗൗരിയമ്മയില്‍ തുടങ്ങുന്നതാണ് കേരളത്തിന്റെ പെണ്‍രാഷ്ട്രീയം. സമരഭൂമിയില്‍ പടവെട്ടി, ഉറച്ച ചുവടുകളുമായി നിയമസഭയിലേക്ക് നടന്നു കയറിയ ഗൗരിയമ്മ അവസാന കാലംവരെയും അണയാത്ത അഗ്നിനക്ഷത്രമായി നിലകൊണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണ് ഗൗരിയമ്മ ജനിച്ചത്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മയും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക്് ഇറങ്ങിത്തിരിച്ചു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു.

 

ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി.

 

യാദൃച്ഛികമായി രാഷ്ട്രീയത്തിലെത്തിയ കെ.ആര്‍. ഗൗരി പുന്നപ്ര-വയലാര്‍ സമരനായകനായ ടി.വി. തോമസിനെ കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു.1957-ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നല്‍കി. സാനഡുവില്‍ ഗൗരിയും റോസ് ഹൗസില്‍ ടി.വി.യും. ഇരുവീടിനുമിടയില്‍ ഒരു ചെറുവഴിയും.

 

പ്രണയം മൂത്തതറിഞ്ഞ് പാര്‍ട്ടി മുന്‍കൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍വെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റില്‍ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരു കാറില്‍ ഒരുവീട്ടില്‍. പലതരത്തില്‍, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളര്‍പ്പില്ലാതെ തുടര്‍ന്നു.

 

1964-ല്‍ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാര്‍ട്ടിയിലായി. 1967-ല്‍ രണ്ടുപാര്‍ട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയില്‍ ചേരാന്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്. പക്ഷേ, സി.പി.ഐ-സി.പി.എം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളല്‍ വീണു. പക്ഷേ, പ്രണയത്തിന്റെ കിളിവാതില്‍ ഒരിക്കലും അടഞ്ഞില്ല.

Tags :