പാലാ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിന് കേന്ദ്ര സർക്കാർ അനുമതി: അനുമതി നൽകിയത് ജോസ് കെ.മാണിയുടെയും തോമസ് ചാഴികാടൻ എം.പിയുടെയും ഇടപെടലിനെ തുടർന്നു

പാലാ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിന് കേന്ദ്ര സർക്കാർ അനുമതി: അനുമതി നൽകിയത് ജോസ് കെ.മാണിയുടെയും തോമസ് ചാഴികാടൻ എം.പിയുടെയും ഇടപെടലിനെ തുടർന്നു

സ്വന്തം ലേഖകൻ

പാലാ: ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു കേന്ദ്ര സർക്കാർ അനുമതി. ഉയർന്ന ഉത്പാദന ശേഷിയുള്ള പ്ലാന്റ് നിർമ്മിക്കുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

പാലാ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് നിർമ്മിക്കുന്നതിനു പി.എം കെയർ ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിനോടു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും, തോമസ് ചാഴികാടൻ എം.പിയും ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടികൾ ഉണ്ടായിരിക്കുന്നത്.
ജില്ലയിൽ കോട്ടയം മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് പാലാ ജനറൽ ആശുപത്രിയിലാണ്. ഇവിടെ അതിരൂക്ഷമായ ഓക്‌സിജൻ ക്ഷാമമാണ് നേരിട്ടിരുന്നത്.

240 സിലിണ്ടറുകൾ ആവശ്യമുള്ള സ്ഥാനത്ത് ഇവിടെ 62 സിലിണ്ടറുകൾ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നു ജോസ് കെ.മാണി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് 120 സിലിണ്ടറുകൾ എത്തിക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഏപ്രിൽ 27 ന് തോമസ് ചാഴികാടൻ എം.പി കേന്ദ്ര ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കത്തയച്ചത്. എം.പിയായിരുന്നപ്പോൾ ഡൽഹിയിലുണ്ടായിരുന്ന ബന്ധങ്ങൾ ഉപയോഗിച്ച് ജോസ് കെ.മാണിയും സമ്മർദം ചെലുത്തിയിരുന്നു.

പി.എം കെയർ ഫണ്ടിൽ നിന്നും തുക അനുവദിച്ച് ഓക്‌സിജൻ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്.