ഗാനമേളക്കിടെ യുവാവിന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

ഗാനമേളക്കിടെ യുവാവിന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ നേമം: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറിൽ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിനു സമീപം ശങ്കർനഗറിൽ പ്രേംകുമാർ-ലത ദമ്പതിമാരുടെ മകൻ ഇന്ദ്രജിത്താ(ജിത്തു- 23)ണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ദ്രജിത്ത് കിണറിൽ വീണതറിഞ്ഞ് രക്ഷിയ്ക്കാനിറങ്ങിയ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിലിനെ (30) ഗുരുതര പരിക്കുകളോടെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗാനമേളയ്ക്ക്
എത്തിയ വലിയ ജനക്കൂട്ടം ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും ജനങ്ങൾ ഇടംപിടിച്ചിരുന്നു. ഈ പുരയിടത്തിലെ കിണറിന് മുകളിൽ പലകയിട്ടാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള കേട്ടുകൊണ്ടു നിന്നത്.

ഗാനമേളയിൽ ആവേശം കയറിത്തുടങ്ങിയപ്പോൾ ഇന്ദ്രജിത്തുൾപ്പെടെ പലരും കിണറിനു മുകളിലിട്ടിരുന്ന പലകയ്ക്കു പുറത്തു കയറിനിന്നും നൃത്തം ആരംഭിച്ചു. ഇതിനിടെ പലകതകർന്നു. മുകളിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന പലരും പലക തകരുന്നതറിഞ്ഞ് ചാടി മാറിയെങ്കിലും ഇന്ദ്രജിത്തിന് അതിനു കഴിഞ്ഞില്ല. പലക തകർന്ന് ഇന്ദ്രജിത്ത് കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾ കിണറ്റിൽ വീണതറിഞ്ഞ് ഗാനമേള നിർത്തിവച്ച് ജനങ്ങൾ ഓടിക്കൂടി. അപ്രതീക്ഷിതമായ വീഴ്ചയായതിനാൽ കിണറിൻ്റെ തൊടികളിൽ ഇടിച്ചാണ് ഇന്ദ്രജിത്ത് കിണറിനുള്ളിലേക്ക് പതിച്ചത്. ജനങ്ങൾ കൂടിയെങ്കിലും ആരും കണറ്റിലിറങ്ങി ഇന്ദ്രജിത്തിനെ രക്ഷപ്പെടുത്താനുള്ള ഉദ്യമം ഏറ്റെടുത്തില്ല. ഈ സമയത്താണ് അഖിൽ കിണറിലിറങ്ങാം എന്ന് അറിയിക്കുന്നതും തുടർന്ന് കിണറ്റിലേക്ക് ഇറങ്ങുന്നതും.

എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആഴം കിണറിനുണ്ടായിരുന്നതിനാൽ കിണറ്റിനുള്ളിൽ വച്ച് അഖിലിന് ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. ഇതോടെ തിരിച്ചു കയറാനാകാതെ അഖിൽ കിണറ്റിനുള്ളിൽ കുടങ്ങുകയും ചെയ്തു. ഇതിനിടെ ക്ഷേത്രോത്സവ കമ്മിറ്റി ചെങ്കൽച്ചൂള അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ടുപേരേയും കുറച്ചു സമയത്തിനുള്ളിൽത്തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറിനുള്ളിൽ നിന്ന് മുകളിലെത്തിച്ചു.

എന്നാൽ ഇന്ദ്രജിത്തിനെ മുകളിലെത്തിച്ചപ്പോൾത്തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകൾ അഖിലിനുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അസി. സ്റ്റേഷൻ ഓഫീസർ കെ.പി.മധു, രാജശേഖരൻ നായർ, സാജൻ സൈമൺ, ബൈജു എന്നിവരാണ് കിണറിനുള്ളിൽ നിന്ന് ഇന്ദ്രജിത്തിനെ പുറത്തെടുക്കാനും അഖിലിനെ രക്ഷപ്പെടുത്താനും നേതൃത്വം നൽകിയത്.