ഓടിയിട്ടും രക്ഷയില്ല…! സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തുന്നതിന് പിന്നാലെ സർവീസുകളുടെ എണ്ണം കുറക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.യും

ഓടിയിട്ടും രക്ഷയില്ല…! സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തുന്നതിന് പിന്നാലെ സർവീസുകളുടെ എണ്ണം കുറക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.യും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ലോക് ഡൗണിന് ശേഷം സ്വകാര്യ ബസുടമകൾ സർവീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ വളരെ കുറവായതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിർത്തി വയ്ക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചിരിക്കുന്നു.. ഇതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയും സർവിസുകളുടെ എണ്ണം കുറച്ചേക്കും. ഇതുസംബന്ധിച്ച തിരക്കിട്ട ആലോചനകളിലാണ് കോർപറേഷൻ അധികൃതർ.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പലയിടത്തും സർവിസുകൾ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച സംസ്ഥാനത്താകെ 1200 ബസുകൾ സർവിസ് നടത്തിയപ്പോൾ ചൊവ്വാഴ്ച ഇത് 1000ത്തിൽ താഴെയായി. ചില ഡിപ്പോകളിൽ അനുവദിച്ച ഷെഡ്യൂൾപോലും മുറക്ക് നടത്തുന്നില്ല. ഇതിനുപുറമെ ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണവും കുറയുകയാണ്.

വരുംദിവസങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്നാണ് കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. നിലവിൽ 28 ഡിപ്പോകൾ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടുണ്ട്.

ഇവിടെ നിന്നുള്ള സർവിസുകളിൽ ചിലത് തൊട്ടടുത്ത ഡിേപ്പാകളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും യാത്രക്കാരില്ല. സർവിസ് നടത്തുന്നതിൽ ഒരുവിഭാഗം ജീവനക്കാർ ആശങ്ക അറിയിച്ചതും പ്രതിസന്ധി രൂക്ഷമാക്കും. നിരക്ക് വർധിപ്പിച്ചിട്ടും നഷ്ടം സഹിച്ച് സർവിസ് നടത്തുന്നതിൽ സ്വകാര്യ ബസുടമകളും കെ.എസ്.ആർ.ടി.സിയും ഒന്നുപോലെ ധർമസങ്കടത്തിലാണ്.

യാത്രക്കാരില്ലാത്തതാണ് സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. കോവിഡ് വ്യാപനം അനിയന്ത്രിതമായതോടെ സാമൂഹിക അകലം പാലിക്കുന്നതിെന്റ ഭാഗമായി യാത്രക്കാർ സ്വയം മുൻകരുതലെടുത്ത് യാത്ര ഒഴിവാക്കുകയാണിപ്പോൾ. തുടർച്ചയായി ഓടിയിട്ടും ‘രക്ഷ’യില്ലെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സിയും പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടത്തിലാണ് സർവിസ് നടത്തുന്നത്.

ഡീസൽ വില വർധന ക്രമാതീതമായി ഉയരുന്നത് അടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബസ് സർവിസ് നിർത്തിവെക്കുന്നതെന്ന് സംയുക്ത സമരസമിതിയും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.