സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം. ഊർജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഉന്നതതല അവലോകന യോഗം പുലർച്ചെ 1 മണിക്കാണ് അവസാനിച്ചത്.

കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും സുരക്ഷാ ഉപകരണങ്ങൾ ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മുതൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്തുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ശനിയാഴ്ച സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തതായും അവർ പറഞ്ഞു. കളക്ടറേറ്റിൽ പതിനൊന്നുമണിക്കാണ് യോഗം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിത പ്രദേശത്തുനിന്നെത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൊറോണ വൈറസ് പരിശോധനയ്ക്കുള്ള കേരളത്തിലെ ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ഒരുങ്ങും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതയും മന്ത്രി പറഞ്ഞു.

കേരളത്തിലാകെ 1053പേർ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ഇവരിൽ 15പേർ ആശുപത്രികളിലും 1038 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനിൽനിന്നെത്തിയ പതിനൊന്നുപേർ തൃശൂരിലുണ്ട്. ഇതിൽ നാലുപേരെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അതിലൊരാൾക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാൾക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ ഈ മൂന്നുപേരെയും മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരേ ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.