മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകൾ സർവീസ് നടത്തില്ല ; വ്യാജ വാർത്തകൾക്ക് വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ

മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകൾ സർവീസ് നടത്തില്ല ; വ്യാജ വാർത്തകൾക്ക് വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ മെയ് മൂന്ന് വരെ എല്ലാ യാത്രാ ട്രെയിനുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ.

കഴിഞ്ഞ ദിവസം രാജ്യത്ത് ലോക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിച്ചതോടെ വിശദീകരണം നൽകുകയായിരുന്നു റെയിൽവേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് മൂന്നുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കിയെന്നും ഇക്കാലയളവിൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ട്രെയിൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക ട്രെയിൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന വ്യാച പ്രചരണത്തെ തുടർന്ന് മുംബൈയിലെ ബാന്ദ്രയിൽ കഴിഞ്ഞ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികൾ സംഘടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്.

അതേസമയം മെയ് മൂന്ന് വരെയുള്ള ട്രെയിനുകൾ നേരത്തെ ബുക്ക് ചെയ്തവർക്ക് മുഴുവന് പണവും തിരികെ ലഭിക്കുമെന്ന് ഐആർസിടിസി നേരത്തെ അറിയിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്തവർ ടിക്കറ്റ് റദ്ദാക്കേണ്ട കാര്യമില്ല. ഓട്ടോമാറ്റിക് ആയി തന്നെ അത് റദ്ദായിക്കൊള്ളും. നേരത്തെ ടിക്കറ്റ് റദ്ദാക്കിയവർക്കും മുഴുവൻ തുക തിരികെ ലഭിക്കുമെന്നും അറിയിച്ചിരുന്നു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയത്. ഏപ്രിൽ 20 വരെ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും സാമൂഹ്യ അകലം പാലിക്കൽ തന്നെയാണ് കൊറോണയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

കൂടാതെ വൈറസ് വ്യാപനം വലിയ തോതിൽ ഇല്ലാത്ത മേഖലകളിൽ ചില ഇളവുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും.