അയല്‍വീട്ടിലെ സിസിടിവി ക്യാമറ നിങ്ങളെയും നിരീക്ഷിക്കുന്നുണ്ടോ? സ്വകാര്യതയിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍ കേസില്‍ കുടുക്കിയേക്കാം; സിസിടിവി കാരണം മാനം പോയ വിമുക്തഭടന്റെ അനുഭവം

അയല്‍വീട്ടിലെ സിസിടിവി ക്യാമറ നിങ്ങളെയും നിരീക്ഷിക്കുന്നുണ്ടോ? സ്വകാര്യതയിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍ കേസില്‍ കുടുക്കിയേക്കാം; സിസിടിവി കാരണം മാനം പോയ വിമുക്തഭടന്റെ അനുഭവം

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ തൃക്കൈപറമ്പത്ത് ഹൗസില്‍ കെ.എന്‍. പ്രേമചന്ദ്രനും അയല്‍വാസിയും തമ്മില്‍ ചെറിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടര സെന്റിലുള്ള പ്രേമചന്ദ്രന്റെ വീടിന്റെ തൊട്ടടുത്ത് പുതിയ താമസക്കാര്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോര്‍പ്പറേഷന്‍ ഓഫീസിലും മറ്റും ഇരുകൂട്ടരും പരാതികളുമായി എത്തി. ഇരു വീടുകളും തമ്മിലുള്ള അകലം ആറടി മാത്രംമാണ്.

തര്‍ക്കം മുറുകിയതോടെ പ്രേമചന്ദ്രന്റെ വീടിന്റെ കിടപ്പുമുറി, വരാന്ത, ലിവിംഗ് റൂം, അലക്ക് കല്ലുള്ള പിന്‍മുറ്റം, മുകള്‍നിലയിലെ ബാല്‍ക്കണി എന്നീ ഭാഗങ്ങളും മുറ്റവുമൊക്കെ പതിയുന്ന രീതിയില്‍ അയല്‍വാസി ഏഴു സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പ്രേമചന്ദ്രന്റെ 15 വയസുള്ള മകള്‍ ഉള്‍പ്പെടെയുള്ളവര്‍ അയല്‍വാസിയുടെ സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് അലക്ഷ്യമായി വസ്ത്രം മാറിയ പ്രേമചന്ദ്രന്റെ പിന്‍ഭാഗം അയല്‍വാസി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. 12വയസ്സുള്ള മകന്റെ മുന്നില്‍ പ്രേമചന്ദ്രന്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്ന വാദവുമായി അയല്‍വാസി എത്തി.

പോക്സോ കേസ് പ്രകാരം അഞ്ചു ദിവസം പ്രേമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വന്നു. മാന നഷ്ടത്തിന് അയല്‍വാസിയില്‍ നിന്ന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ് പ്രേമചന്ദ്രന്‍.

തങ്ങളുടെ സ്വകാര്യത പകര്‍ത്തുന്ന സിസിടിവി ക്യാമറകള്‍ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. ഐ.പി.സി 354 (സി) പ്രകാരം മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും സ്വമേധയാ പൊലീസിന് കേസെടുക്കാവുന്നതുമായ കുറ്റമാണിത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 66 ഇ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കാം.