19,000 ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തനം നിലച്ചു ; വൈദ്യുതി വകുപ്പിന് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

19,000 ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തനം നിലച്ചു ; വൈദ്യുതി വകുപ്പിന് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

സ്വന്തം ലേഖിക

തൃശൂർ: വൈദ്യുതി ബിൽ തുക വൻതോതിൽ കുടിശ്ശികയായതിനെത്തുടർന്ന് കണക്ഷൻ വ്യാപകമായി വിച്ഛേദിച്ചതിനാൽ രാജ്യത്ത് 19,000ത്തോളം ബി.എസ്.എൻ.എൽ ടവറുകളുടെ പ്രവർത്തനം നിലച്ചു. ടവർ നിൽക്കുന്ന സ്ഥലത്തിന് വാടക നൽകാത്തതിന്റെ പേരിൽ ഉടമകൾ പ്രവേശനം തടഞ്ഞതും പ്രശ്‌നമായിട്ടുണ്ട്. കുടിശ്ശിക അടച്ച് ഇവ പ്രവർത്തനക്ഷമമാക്കാൻ ശ്രമം നടക്കുന്നില്ല. ആകെ 70,000 ടവറാണുള്ളത്. ഇനിയും പല ടവറുകളും സമാനഭീഷണി നേരിടുന്നുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ ഇടപെട്ട് കുടിശ്ശികയുണ്ടായിട്ടും വൈദ്യുതി ലഭ്യമാക്കുന്നത്. ബിൽ കുടിശ്ശികയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകൾ ബി.എസ്.എൻ.എൽ ടവറുകൾക്കും എക്‌സ്‌ചേഞ്ചുകൾക്കുമുള്ള കണക്ഷൻ വിച്ഛേദിച്ചുവരുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്ത് ബി.എസ്.എൻ.എൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിൽ വിച്ഛേദിക്കൽ തൽക്കാലം നിർത്തിയെങ്കിലും കുടിശ്ശിക അടക്കാത്തതിനാൽ അത് വീണ്ടും തുടങ്ങി. കേരളത്തിൽ ബി.എസ്.എൻ.എൽ സർക്കിൾ മേധാവികളും ജീവനക്കാരുടെ സംഘടന നേതാക്കളും വൈദ്യുതിമന്ത്രി എം.എം. മണിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, കുടിശ്ശിക പെരുകുകയാണ്.

അതിനിടെ, ജനറൽ പ്രോവിഡൻറ് ഫണ്ടിൽനിന്ന് അഡ്വാൻസ് എടുക്കാനോ തുക പിൻവലിക്കാനോ കഴിയാതെ ബി.എസ്.എൻ.എൽ ജീവനക്കാർ പ്രതിസന്ധിയിലാണ്. ശമ്പളത്തിൽനിന്ന് ജി.പി.എഫ് വിഹിതത്തിന് ഉൾപ്പെടെ പിടിക്കുന്ന വിഹിതം അതത് സ്ഥാപനങ്ങളിൽ അടക്കാത്തതാണ് പ്രശ്‌നം. ബാങ്ക് വായ്പ, എൽ.ഐ.സി പ്രീമിയം, സൊസൈറ്റി വായ്പ എന്നിവയുടെ വിഹിതവും ആറുമാസമായി ജീവനക്കാരുടെ അക്കൗണ്ടിൽ ബി.എസ്.എൻ.എൽ അടക്കുന്നില്ല. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് തിരിച്ചടവ് തെറ്റിയതിന് നോട്ടീസ് വരുന്നുണ്ട്. പൊതുമേഖല ബാങ്കുകൾ പിഴ ചുമത്തുകയാണ്. മാനേജ്‌മെൻറിന്റെ വീഴ്ചമൂലം പിഴ ചുമത്തപ്പെടുന്ന സാഹചര്യത്തിൽ പിഴത്തുക ബി.എസ്.എൻ.എൽ അടക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ കമ്മിറ്റി ചൊവ്വാഴ്ച സി.എം.ഡി പി.കെ. പുർവറിന് കത്ത് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :