പ്രമുഖ ബാങ്കുകൾക്ക് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാനുള്ളത് അൻപത് കോടി; കുന്നത്തുകളത്തിന്റെ ആസ്ഥി ബാങ്കുകൾ വിഴുങ്ങും; നിക്ഷേപകർ പാപ്പരാകുമോ..? സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി വിധി

പ്രമുഖ ബാങ്കുകൾക്ക് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാനുള്ളത് അൻപത് കോടി; കുന്നത്തുകളത്തിന്റെ ആസ്ഥി ബാങ്കുകൾ വിഴുങ്ങും; നിക്ഷേപകർ പാപ്പരാകുമോ..? സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി വിധി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആയിരം പേരിൽ നിന്നായി അഞ്ഞൂറു കോടിയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പിനു നഗരത്തിലെ ബാങ്കുകളിൽ മാത്രം നാൽപ്പത് കോടിയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ആകെ 66 കോടി രൂപയുടെ ആസ്ഥിമാത്രമേയുള്ളൂ എന്ന് പാപ്പർ ഹർജിയിൽ സ്ഥാപന ഉടമകൾ വെളിപ്പെടുത്തിയിരിക്കുമ്പോഴാണ് നാൽപ്പത് കോടിയ്ക്കു മുകളിൽ ഇവർക്കു ബാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നത്. രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും, രണ്ട് പൊതുമേഖലാ ബാങ്കുകളിലുമായാണ് ഇവരുടെ സാമ്പത്തിക വായ്പ ഇടപാടുകളിൽ ഏറെയും. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുക ഈ ബാങ്കുകൾക്കായിരിക്കും. ഇതിനിടെ കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥനും, ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെയുള്ള ക്രിമിനൽ നടപടികൾ തുടരരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു.


കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ച ശേഷം രക്ഷപെട്ടെങ്കിലും, ഇവരുടെ ബാധ്യത സംബന്ധിച്ചുള്ള കണക്കെടുപ്പുകൾ പൂർത്തിയായിരുന്നില്ല. 136 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് ഇവർ പാപ്പർ ഹർജിക്കൊപ്പം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതുവരെ അൻപത് കോടിയ്ക്കടുത്തു നഷ്ടമുണ്ടായതായി ചെറുകിട നിക്ഷേപകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് നഗരത്തിലെ നാല് ബാങ്കുകളിൽ നിന്നായി അൻപത് കോടിയെങ്കിലും കുന്നത്ത്കളത്തിൽ ഗ്രൂപ്പ് വായ്പ്പയെടുത്തിട്ടുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഇതോടെ നിക്ഷേപകർ കൂടുതൽ ആശങ്കയിലായി. ഇവരുടെ അറുപത് കോടി രൂപയുടെ അസ്ഥി ബാങ്കുകൾ അറ്റാച്ച് ചെയ്താൽ ബാക്കി തുക നഷ്ടമാകുക സാധാരണക്കാരായ നിക്ഷേപകർക്കായിരിക്കും. ഇതോടെയാണ് കയ്യിലുണ്ടായിരുന്ന നിക്ഷേപം മുഴുവൻ സ്വരുക്കൂട്ടി കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവർ ആശങ്കയിലായത്.
എന്നാൽ, ഇത്തരത്തിലുള്ള ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നു റിസീവർ തേർഡ് ഐ ന്യൂസിനോടു പറഞ്ഞു. കൃത്യമായ പരിശോധനയ്ക്കു ശേഷം മാത്രമേ ആസ്ഥിയും ബാധ്യതയും നിശ്ചയിക്കുകയുള്ളൂ. ഇതിനുള്ള നടപടികൾ ആദ്യം തന്നെ ആരംഭിക്കും. നഷ്ടമായ തുകയുടെ നിശ്ചിത ശതമാനം വീതം നിക്ഷേപകർക്കു തിരിച്ചു നൽകാനാവുമെന്നു പ്രതീക്ഷിക്കുന്നതായും റിസീവർ പറഞ്ഞു.
ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ കെ വി വിശ്വനാഥന്റെ മക്കൾക്കും മരുമക്കൾക്കുമെതിരെ കേസ് എടുത്തത് അടക്കമുള്ള പൊലീസ് നടപടികൾ ഹൈക്കോടതി തടഞ്ഞു. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ആസ്ഥിയും ബാധ്യതയും ചൂണ്ടിക്കാട്ട്ി ഹൈക്കോടതിയിൽ രേഖകൾ സമർപ്പിച്ചതോടെയാണ് ഇവർക്കെതിരായ നടപടികൾ കോടതി തടഞ്ഞത്. വിശ്വനാഥന്റെയും ഭാര്യ രമണിയുടെയും മുൻകൂർ ജാമ്യാപേക്ഷ ജൂലൈ നാലിനാണ് കോടതി പരിഗണിക്കുന്നത്. അന്നു തന്നെയാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ ആസ്ഥി ബാധ്യതകൾ റിസീവർ തിട്ടപ്പെടുത്തി തുടങ്ങുന്നത്. ആദ്യം ജ്വല്ലറിയിലെയും പിന്നീട് മറ്റു സ്ഥാപനങ്ങളിലെയും കണക്കുകളാവും പരിശോധിക്കുക. സെപ്റ്റംബർ മൂന്നിനാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കേസ് പരിഗണിക്കുക. ഇതിനു മുൻപ് പാപ്പർ ഹർജിയിൽ സമർപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ച് റിസീവർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.
അതേസമയം, ഇടപാടുകാരുടെ ആക്ഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തു. ശക്തമായ പ്രക്ഷോഭത്തിനാണ് നീക്കം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ യോഗം ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group