ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി 

ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ  ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു.  കളക്‌ട്രേറ്റില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കല്‍, തലയോലപ്പറമ്പ്, അമയന്നൂര്‍, മൂലവട്ടം, എസ്.എസ്.പുരം, അയര്‍ക്കുന്നം, ചോഴിയക്കാട്, തിരുവാതുക്കല്‍, ഉഴവൂര്‍, മാന്നാനം, ചമ്പക്കര, കൊല്ലാട്, ഇടക്കുന്നം എന്നിവിടങ്ങളിലാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. തോണ്ടമ്പ്രാല്‍, മുട്ടമ്പലം എന്നീ ക്രഷുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വനിത ശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടുകൂടി ആരംഭിച്ച ഈ ക്രഷുകളില്‍ മൂന്നു വയസ്സുവരെ പ്രായമുളള കുട്ടികളാണ് ഉളളത്. കുട്ടികളുടെ ഭക്ഷണം, ജീവനക്കാരുടെ വേതനം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഫണ്ട് നിലച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ ശിശുക്ഷേമ സമിതി സ്വീകരിച്ചിട്ടുളളതായി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.എസ് ഷിനോ പറഞ്ഞു. സമിതിയുടെ കീഴിലുളള അംഗന്‍വാടി ട്രെയിനിംഗ് സെന്ററിന്റെ പ്രവര്‍ത്തനം പുനരാരാംഭിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുമുളള തണല്‍ പദ്ധതിയില്‍ 1517 എന്ന ടോള്‍ ഫ്രീ  നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 വര്‍ഷം മുമ്പ് സമിതി കോട്ടയം ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മ തൊട്ടില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിനും നടപടി സ്വീകരിക്കും. ദേശീയ ബാലചിത്രരചനാ മത്സരത്തില്‍ വിജയികളായ എസ്. കെ അക്ഷര, ഷിജാസ് ഷമീദ്, അതുല്‍ എസ്. രാജ്, സായ് കൃഷ്ണ, അലീന എല്‍മ ജോണ്‍ എന്നിവര്‍ക്കുളള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.  സമിതി സെക്രട്ടറി കൃഷ്ണ കുമാരി രാജശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റ്റി.എസ് ശശികുമാര്‍, ജോയിന്റ് സെക്രട്ടറി പി.എന്‍ രവി ട്രഷറര്‍ എ.എ. മാത്യു, കമ്മറ്റി അംഗങ്ങളായ ബിജി കുര്യന്‍, ടി. കെ ഗോപി, എസ്. സ്‌നേഹധനന്‍, ഫ്‌ളോറി മാത്യു, സി.എന്‍ സത്യനേശന്‍ എന്നിവര്‍ സംസാരിച്ചു.