play-sharp-fill
മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ബന്ധുവിനെ കൊന്ന് ഡാമിൽ തള്ളി

മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ബന്ധുവിനെ കൊന്ന് ഡാമിൽ തള്ളി

വിദ്യാ ബാബു

ചെന്നൈ: മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സഹോദരി പത്മിനിയുടെ മരുമകൻ ശിവമൂർത്തി(47)യെയാണ് കൊന്ന് ഡാമിൽ തള്ളിയത്. തിരുപ്പൂരിൽ വസ്ത്ര കയറ്റുമതി വ്യാപാരം നടത്തുകയാണ് ശിവമൂർത്തി. കാറിൽ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ഹൊസൂരിനു സമീപം ഡാമിൽ തള്ളുകയായിരുന്നു. കേസിൽ നാലു പ്രതികൾ അറസ്റ്റിൽ. കോയമ്പത്തൂർ ഗണപതി സ്വദേശികളായ വിമൽ, ഗൗതമൻ, മണിഭാരതി, തിരുപ്പൂർ മൂർത്തി എന്നിവരാണ് പ്രതികൾ. ശിവമൂർത്തിയെ കടത്തിക്കൊണ്ടുപോയി ബന്ദിയാക്കി പണം തട്ടാനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. തിരുപ്പൂർ മൂർത്തിയാണ് സൂത്രധാരൻ. ഇതിനായി ശിവമൂർത്തിയുടെ ബനിയൻ കയറ്റുമതി സ്ഥാപനത്തിലെ ജീവനക്കാരനായ വിമലിനെ ഉപയോഗപ്പെടുത്തി. കുറഞ്ഞ പലിശക്ക് കോയമ്പത്തൂരിൽനിന്ന് മൂന്നുകോടി രൂപയുടെ വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞാണ് വിമലും മൂർത്തിയും ശിവമൂർത്തിയെ കാറിൽ വിളിച്ചുകൊണ്ടുവന്നത്. വഴിയിൽ മറ്റു രണ്ടു പ്രതികളും കാറിൽ കയറി. പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ ശിവമൂർത്തി നിഷേധാത്മക നിലപാട് സ്വീകരിച്ചു. തുടർന്നാണ് പ്രതികൾ ശിവമൂർത്തിയെ അടിച്ചുകൊലപ്പെടുത്തിയത്. ജൂൺ 25ന് രാത്രി മേട്ടുപാളയം വെള്ളിയങ്കാട് ഭാഗത്തുവെച്ചാണ് കൊലപാതകം നടന്നത്. തുടർന്ന് മൃതദേഹവുമായി രണ്ടു ദിവസം പ്രതികൾ കാറിൽ കറങ്ങി. പിന്നീട് ഹൊസൂർ കെലവരപള്ളി അണക്കെട്ടിൽ ഉപേക്ഷിച്ചു. ശിവമൂർത്തിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ തിരുപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ ശിവമൂർത്തിയുടെ മൃതദേഹം ഡാമിൽനിന്ന് കണ്ടെടുത്തു. ശിവമൂർത്തിയുടെ കാറിൽ ജി.പി.എസ് സംവിധാനമുണ്ടായിരുന്നതിനാൽ പ്രതികളെ പൊലീസിന് എളുപ്പം പിടികൂടാനായി. വെല്ലൂർ ആമ്പൂരിന് സമീപംവെച്ച് ബുധനാഴ്ച പുലർച്ച ഒരു മണിയോടെയാണ് പ്രതികൾ പിടിയിലായത്. ഇവരെ തിരുപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുന്നു.