തവിടുപൊടിയായി ഒരു ആൾട്ടോ കാർ..! ജിൻസിന്റെ മരണത്തിൽ തേങ്ങി മുണ്ടക്കയം: പുതുപ്പള്ളി ഇരവിനല്ലൂർ അപകടത്തിൽ മരിച്ചവർ മടങ്ങിയത് പാമ്പാടിയിലെ മരണവീട്ടിൽ നിന്നും; അപകടത്തിന്റെ കാരണം മഴയും റോഡിലെ തെന്നലുമെന്നു സൂചന

തവിടുപൊടിയായി ഒരു ആൾട്ടോ കാർ..! ജിൻസിന്റെ മരണത്തിൽ തേങ്ങി മുണ്ടക്കയം: പുതുപ്പള്ളി ഇരവിനല്ലൂർ അപകടത്തിൽ മരിച്ചവർ മടങ്ങിയത് പാമ്പാടിയിലെ മരണവീട്ടിൽ നിന്നും; അപകടത്തിന്റെ കാരണം മഴയും റോഡിലെ തെന്നലുമെന്നു സൂചന

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു മരിച്ച ജിൻസ് നാടിന്റെ പ്രിയങ്കരൻ. മുണ്ടക്കയത്ത് വലിയ സൗഹൃദവലയമുണ്ടായിരുന്നു ജിൻസിന്. കോട്ടയത്ത് ജോലി ചെയ്യുമ്പോഴും മുണ്ടക്കയത്ത് എത്തുമ്പോഴെല്ലാം സൗഹൃദത്തിന്റെ കൂട്ടായ്മകളിൽ ഓടിയെത്തുന്നുണ്ടായിരുന്നു ജിൻസ്.

പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്തുണ്ടായ അപകടത്തിൽ മുണ്ടക്കയം കരിനിലം കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ ജിൻസ് (33), ജിൻസിന്റെ അച്ഛന്റെ സഹോദരിയുടെ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), ഇദ്ദേഹത്തിന്റെ മകൾ ജലജ (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പനച്ചിക്കാട് ചാന്നാനിക്കാട് ബഥേസ്ഥായ്ക്കു സമീപം മൈലമൂട്ടിൽ കുഞ്ഞുമോന്റെ ഭാര്യയാണ് മരിച്ച ജലജ. തെങ്ങണയിലെ സ്വകാര്യ സ്‌കൂളിലെ ടീച്ചറാണ് ജലജ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജലജയുടെ മകൻ അമിത് (എട്ട്) , ജലജയുടെ സഹോദരി ജയന്തിയുടെ മകൻ അതുൽ (11) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി കോത്തലയിലെ ബന്ധുവിന്റെ വീട്ടിൽ മരണാനന്തരചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ബന്ധുക്കളായ സംഘം കാറിൽ യാത്ര തിരിച്ചിരുന്നത്. എന്നാൽ, ഇവർ കാറിൽ പാമ്പാടിയിൽ പോയ ശേഷം തിരികെ കവിയൂരിലെ വീട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്തു വച്ചു കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിന്റെ മുന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ നിശേഷം തകർന്നു.

മാരുതി ആൾട്ടോ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ആ കാർ തവിടുപൊടിയായി പോയിരിക്കുകയാണ്. കാർ ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. മുൻഭാഗം ബസിന്റെ മുന്നിലേയ്ക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. കനത്ത മഴയായിരുന്നു അപകടുണ്ടാകുമ്പോഴെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. കാർ റോഡിൽ തന്നെ നിയന്ത്രണം വിട്ട ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് സൂചന. ഇതാണ് പൊലീസിന്റെ വിലയിരുത്തലും. മൃതദേഹങ്ങൾ ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.