ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ജീപ്പിൽ വണ്ടിയിടിപ്പിച്ചു: ജില്ലയിലെ കുപ്രസിദ്ധ ക്രിമിനൽ അമ്മഞ്ചേരി സിബി അറസ്റ്റിൽ; പിടിയിലായത് ക്രിമിനലുകൾക്കു ഫണ്ട് എത്തിക്കുന്ന ബ്ലേഡ് മാഫിയ തലവൻ

തേർഡ് ഐ ക്രൈം

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സ്വന്തം വണ്ടിയിടിപ്പിച്ച ശേഷം പൊലീസിനെ വെല്ലുവിളിക്കുകയും, ഭീഷണി മുഴക്കുകയും ചെയ്ത ഗുണ്ടാ സംഘത്തലവനെ ഒടുവിൽ പൊലീസ് പിടികൂടി. വയനാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് സംഘം ഇവിടെ എത്തിയാണ് കീഴടക്കിയത്. ഗുണ്ടാ സംഘങ്ങൾക്കു ഫണ്ട് എത്തിച്ചിരുന്ന ബ്ലേഡ് മാഫിയ തലവയാ അമ്മഞ്ചേരി സിബിയെയാണ് കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സെപ്റ്റംബർ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗാന്ധിനഗർ പോലിസ് സ്റ്റേഷനിലെ ഔദ്യോഗിക വാഹനത്തിൽ തന്റെ നിസ്സാൻ സണ്ണി കാർ ഇടിപ്പിച്ചത്തിനു ശേഷം പൊലീസിനെ ഭീഷണിപ്പെടുത്തുക കൂടി ചെയ്താണ് പ്രതി രക്ഷപെട്ടത്. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ താമസിക്കുന്ന ജോൺ മകൻ സിബി ജി ജോണാണ് അന്ന് ഭീഷണി മുഴക്കി രക്ഷപെട്ടത്.

ഗുണ്ടകൾക്കെതിരായ ജില്ലാ പൊലീസിന്റെ നടപടികളുടെ ഭാഗമായി ജില്ലാ പോലിസ് മേധാവി ജി ജയദേവിന്റെ നിർദേശാനുസരണം ഡി വൈ എസ് പി ആർ ശ്രീകുമാറിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വയനാട്ടിൽ നിന്നും പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലും ഗൂണ്ടാ പ്രവർത്തനങ്ങളിലും ബലാൽസംഗ കേസിലും പ്രതിയാണ് ഇയാൾ.

അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞെത്തിയ പ്രതി ഗാന്ധിനഗർ പോലിസ് സ്റ്റേഷനിലെ ഔദ്യോഗിക വാഹനത്തിൽ കെ.എൽ. 05 എജെ 4444ആം നമ്പർ നിസ്സാൻ സണ്ണി കാർ ഇടിപ്പിക്കുകയായിരുന്നു. ഇതേപ്പറ്റി ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പ്രതി ഇവിടെ നിന്നും രക്ഷപെട്ടു. തുടർന്നു, വയനാടൻ കാടുകളിൽ കൂട്ടുപ്രതിയായ മണിയാപറമ്പ് ചെങ്ങലത്ത് കാട്ടിൽ
ബിപിൻ ജോസഫുമായി ( കുഞ്ഞാട് ) ഒളിവിൽ കഴിയുകയായിരുന്നു.

പ്രതി വയനാടൻ മേഖലയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലിസ് നടത്തിയ ശ്രമകരമായ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ പൊലിസ് സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ പ്രശോബ്, സിവിൽ പൊലിസ് ഓഫീസർമാരായ അനീഷ് , രാകേഷ്, അജിത് , പ്രവിനോ എന്നിവർ നാലുദിവസത്തോളം വയനാടൻ കാടുകളിൽ തിരഞ്ഞാണ് പ്രതിയെ പിടികൂടിയത്.

കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ കെ.ആർ അരുൺ കുമാർ , സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥരായ മനോജ്, അനൂപ്, ജോബിൻസ്, രാജേഷ് എന്നിവർ വയനാട്ടിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിക്കുന്നതിൽ ടീമംഗങ്ങളെ നിരന്തരം സഹായിച്ചിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

കാപ്പാ പ്രകാരമുള്ള നടപടികൾ നേരിടുന്ന ആളാണ് പ്രതി. സംഘം ചേരുക, പരിക്കേൽപ്പിക്കുക , ഭീഷണിപ്പെടുത്തുക , നരഹത്യാ ശ്രമം , അമിത പലിശയ്ക്കു പണം നൽകുക , ബലാൽസംഗം തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന ഇയാൾ അറിയപ്പെടുന്ന ഗുണ്ട എന്ന നിർവചനത്തതിൽ വരുന്ന ആൾ ആണ്. ഇയാൾ പൊതുജനത്തെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും പോലുള്ള കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഏർപ്പെട്ട് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു വിഘാതമായി ജനങ്ങളുടെ ഇ ഇടയിൽ ഭീതി പരത്തി നിയമപരമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെട്ടു വന്ന ആളാണ് പ്രതി.

ഇയാൾക്കെതിരെ ഗാന്ധിനഗർ പോലിസ് സ്റ്റേഷനിൽ 2014 വർഷത്തിൽ തടഞ്ഞു വച്ചു പരിക്കേൽപ്പിച്ചതിനും , അമിത പലിശയ്ക്കു പണം നൽകിയതിനും , വധശ്രമം നടത്തിയതിനും പ്രത്യേകം പ്രത്യേകം കേസുണ്ട്. കഴിഞ്ഞ വർഷം ഇയാൾക്കെതിരെ ബലാത്സംഗക്കേസും എടുത്തിട്ടുണ്ട്. നേരത്തെ കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പിടിച്ചുപറിക്കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ഒക്കെ ജാമ്യത്തിൽ കഴിയവേ ആണ് ഇയാൾ ഗാന്ധിനഗർ പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക വാഹനത്തിൽ സ്വന്തം വാഹനം ഇടിപ്പിച്ചത്. അമിത പലിശയ്ക്കു പണം കടം നൽകിയും, ചീട്ടുകളി സംഘങ്ങൾ നടത്തിയും നിയമപരമല്ലാത്ത കാര്യങ്ങളിൽ തുടർച്ചയായി ഏർപ്പെടുന്ന സ്വഭാവക്കാരനാണ് ഇയാൾ.