കമൽ ചുംബിച്ചപ്പോഴെല്ലാം എന്റെ പേടി അച്ഛൻ വഴക്ക് പറയുമോ എന്നായിരുന്നു; ചുംബന വിവാദത്തെപ്പറ്റി വർഷങ്ങൾക്കു ശേഷം മനസു തുറന്ന് നടി രേഖ

തേർഡ് ഐ സിനിമ

കൊച്ചി: മലയാളികളുടെ പ്രിയ നായികയാണ് രേഖ. മലയാളത്തിൽ നിരവധി സിനിമകളിൽ രേഖ നായികയായി അഭിനയിച്ചിട്ടുണ്ട്. മോഹൻ ലാലിന്റെ നായികയായി അഭിനയിച്ചു തിളങ്ങി നിന്ന രേഖ കമൽഹാസനെതിരെ നടത്തിയ വിവാദ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന സിനിമയിൽ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിനു മുൻപ് നായകനായ കമൽഹാസൻ നായികയായ രേഖയെ ചുംബിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിനു പിന്നിലുള്ള കഥയാണ് രേഖ ഇപ്പോൾ തുറന്നു പറയുന്നത്.

ആ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. ആ രംഗം ചിത്രീകരിക്കുന്നതിനു മുൻപ് എന്നെ കഥ പറഞ്ഞു കേൾപ്പിച്ചിരുന്നു. ചുംബനം ഉണ്ടെന്നൊന്നും അതിൽ പറഞ്ഞിട്ടില്ലായിരുന്നു. അങ്ങനെ ഷോട്ട് തുടങ്ങി. വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതാണ് രംഗം. എന്നാൽ ചാടുന്നതിനു മുൻപ് കമൽ പെട്ടന്ന് എന്നെ ചുംബിച്ചു. എന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് അന്ന് ആ രംഗം ചിത്രീകരിച്ചത്. ഇപ്പോൾ ഞാൻ ഇത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കെ ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേകുറിച്ച് ഇനി സംസാരിക്കാൻ പറ്റൂ.

ഷൂട്ട് കഴിഞ്ഞു എന്റെ അച്ഛൻ പ്രശ്നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതു പോലെ കരുതിയാൽ മതിയെന്ന് ആണ് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ എന്നോടു പറഞ്ഞത്. സ്‌നേഹത്തിന്റെ പ്രകടനം ആയിട്ടേ പ്രേക്ഷകർ ഇതിനെ എടുക്കത്തോളെന്നും പേടിക്കണ്ട എന്നും അവർ പറഞ്ഞു. പക്ഷേ എന്റെ മനസ്സ് മുഴുവൻ അച്ഛൻ വഴക്ക് പറയുമോ എന്ന പേടിയായിരുന്നു.

ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഞാൻ വീണ്ടും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായി. എന്നാൽ ചിത്രത്തിലെ ഈ ചുംബന രംഗം വളരെ നന്നായിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ ഈ വിഷയം എങ്ങനെ ഇത്ര ചർച്ചയായി എന്ന് എനിക്ക് അറിയില്ല. വിവാദ പരാമർശങ്ങൾ ഒന്നും അല്ല ഞാൻ ഞാൻ നടത്തിയത്. അതിനു എനിക്ക് സമയവും ഇല്ല എന്നും രേഖ പറഞ്ഞു.