ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദമ്പതിമാരുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവൽ നികർത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്.

ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തിന് ശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം. മധുവിധു കഴിയും മുൻപ് ശരത്ത് ലക്ഷ്വദ്വീപിൽ ജോലിയ്ക്ക് പോകാൻ തയാറായത് അശ്വതിയെ ഏറെ മനോവിഷമത്തിലാക്കിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭർത്താവിനെ പിരിഞ്ഞിരിക്കാൻ കഴിയാതെ വന്നതോടെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കാൻ അശ്വതി ശ്രമിച്ചു. ഒടുവിൽ ശരത്തിന്റെ ലക്ഷദ്വീപ് യാത്ര താൽക്കാലികമായി മുടക്കാൻ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. ഉടൻതന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്കു ഭർതൃവീട്ടിൽ വച്ചാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ഇതേ തുടർന്ന് യുവതിയെ ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.