പത്തു മരണങ്ങളും, അഞ്ചിലേറെ വലിയ അപകടങ്ങളും ഉണ്ടായിട്ടുണ്ടോ..? ഇനി ഈ സ്ഥലങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ കറുത്ത പട്ടികയിൽ; നിങ്ങളുടെ അടുത്ത സ്ഥലം പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: പത്തിലേറെ മരണങ്ങളും അഞ്ചി ലേറെ വലിയ അപകടങ്ങളും ഉണ്ടായ ദുരന്തകേന്ദ്രങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി തിരിച്ച് മോട്ടോർ വാഹന വകുപ്പിന്റെയും നാറ്റ് പാക്കിന്റെയും പഠനം. ജില്ലയിലെ പത്തു കേന്ദ്രങ്ങളെയാണ് റോഡ് അപകട കേന്ദ്രങ്ങളായി സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ്, നാറ്റ് പാക്ക് റോഡ് സുരക്ഷാ അതോറിറ്റി സംഘം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ അപകട മേഖലകളിൽ സംഘം സന്ദർശനം നടത്തിയത്. നാറ്റ് പാക്ക് ശാസ്ത്രജ്ഞൻ എബിൻ സാം, പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫിസർ സിയാദ് മുഹമ്മദ്, ടെക്‌നിക്കൽ ഓഫിസർ സുരേന്ദ്രൻപിള്ള, കേരള റോഡ് സേഫ്റ്റി ്അതോറിറ്റി ഡേറ്റാ അനലിസ്റ്റും പെർഫോമൻസ് മോണിറ്ററിംങ് സംഘാംഗവുമായ ഡയറക്ടർ നിജു അഴകേശൻ എന്നിവരും പൊതുമരാമത്ത് വകുപ്പ് പാലാ, കടുത്തുരുത്തി, കോട്ടയം, ചങ്ങനാശേരി എക്‌സിമാരും, പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം ട്രാഫിക് , ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർമാരും എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐമാരും, എ.എം.വിഐമാരുമാണ് റോഡ് സുരക്ഷാ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

പാലാ ളാലം ജംഗ്ഷൻ, കുറവിലങ്ങാട് തോട്ടുവ ജംഗ്ഷൻ, കുറവിലങ്ങാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ജംഗ്ഷൻ, വെമ്പള്ളി പോസ്റ്റ് ഓഫിസ് ജംഗ്ഷൻ, ഏറ്റുമാനൂർ വില്ലേജ് ഓഫിസ് ഭാഗം, സ്റ്റേറ്റ് ബാങ്ക് ജംഗ്ഷൻ, ഗാന്ധിനഗർ ഹോമിയോ ആശുപത്രിയുടെ ഭാഗം, ലോഗോസ് ജംഗ്ഷനിൽ നാഗമ്പടം റോഡ്, ചങ്ങനാശേരിയിൽ എസ്.ബി.ഐ എടിഎമ്മിന് സമീപം, ചങ്ങനാശേരി ജംഗ്ഷനു സമീപം എന്നിവിടങ്ങളാണ് ജില്ലയിലെ പ്രധാന അപകട കേന്ദ്രങ്ങളായി റോഡ് സുരക്ഷാ പരിശോധനാ സംഘം കണ്ടെത്തിയത്.

2016 മുതൽ 2018 വരെ റോഡ് അപകടങ്ങളിൽ വില്ലന്മാരായ സ്ഥലങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. 500 മീറ്റർ പരിധിയ്ക്കുള്ളിൽ മൂന്നു വർഷത്തിനുള്ളിൽ പത്തു മരണങ്ങൾ ഉണ്ടായതോ, അഞ്ചിലേറെ ഗുരുതരമായ അപകടങ്ങൾ ഉണ്ടായതോ ആയ സ്ഥലങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളിൽ പരിശോധന നടത്തിയ സംഘം റിപ്പോർട്ട് തയ്യാറാക്കും. ആവശ്യമെങ്കിൽ വീണ്ടും സർവേ നടത്തി ഇവിടെ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും സംഘം നൽകും.