സർക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് പിൻവാതിലിലൂടെ നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരട് വലിച്ചെന്ന് ആരോപണം

സർക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് പിൻവാതിലിലൂടെ നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരട് വലിച്ചെന്ന് ആരോപണം

സ്വന്തം ലേഖകൻ

കൊച്ചി : സർക്കാരിന് കോടിക്കണക്കിനു രൂപ വരുത്തി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ ജില്ലാ പഞ്ചായത്തു സെക്രട്ടറിയായി നിയമിച്ചത് വിവാദത്തിലേക്ക്. തദ്ദേശവകുപ്പ് മന്ത്രിയുടെ ജില്ലക്കാരനായ ഉദ്യോഗസ്ഥനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചരടുവലിച്ചെന്നാണ് ആരോപണം. സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന എതിർപ്പും മറികടന്നാണു എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചത്.

തൃപ്പൂണിത്തുറ ആയുർവേദ കോളെജ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പൊതുമരാമത്തു വകുപ്പും കരാറുകാരനും തമ്മിൽ കോടതിയിൽ കേസുണ്ടായിരുന്നു. കരാറുകാരന് അനുകൂലമായിട്ടായിരുന്നു സബ് കോടതി വിധി. എന്നാൽ, സബ് കോടതി ഉത്തരവ് മറച്ചുവച്ച് ഒരു വർഷവും മൂന്നുമാസവും വൈകിയാണ് ഹൈക്കോടതിയിൽ പി.ഡബ്ല്യൂ.ഡിക്ക് അപ്പീൽ നൽകാനായത്. കാലതാമസം എടുത്തുപറഞ്ഞ് ഹൈക്കോടതി അപ്പീൽ തള്ളിയതോടെ 4.17 കോടി രൂപ വകുപ്പ് കരാറുകാരനു നൽകേണ്ടി വരികയായിരുന്നു.
പി.ഡബ്ല്യൂ.ഡി കെട്ടിടവിഭാഗം മധ്യമേഖല സുപ്രണ്ടിങ് എൻജിനീയറിങ് ധനകാര്യ അസിസ്റ്റന്റായി ജോലി നോക്കുമ്പോൾ ഉദ്യോഗസ്ഥൻ കോടതി വിധി മറച്ചുവച്ച് കരാറുകാരനെ സഹായിച്ചെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ഒൻപത്‌പേർക്കെതിരേയും അച്ചടക്ക നടപടിക്കു ധനകാര്യ പരിശോധനാവിഭാഗം ശുപാർശ ചെയ്തിരുന്നു. സസ്‌പെൻഷൻ കാരണം ജില്ലാ പഞ്ചായത്ത്, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലേക്ക് നിയമനത്തിനായി ഇയാൾ നൽകിയ അപേക്ഷ ധനകാര്യ വകുപ്പു തടയുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള നിയമനത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിൽ ഈ ഉദ്യോഗസഥൻ ഒന്നാമനാകുംവിധം അണിയറയിൽ നീക്കം നടന്നതായാണ് അറിയുന്നത്.
കോഴിക്കോട്ടുള്ള ഒരു ഫിനാൻസ് ഓഫീസർക്കു സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കാൻ വേണ്ടി അദ്ദേഹത്തിനു മുകളിലുള്ള മൂന്നുപേരെ ഡപ്യൂട്ടേഷനിൽ ജില്ലാ പഞ്ചായത്തു സെക്രട്ടറിമാരായി വിവിധ ജില്ലകളിൽ നിയമിക്കുക എന്ന അജണ്ടയും ഇതിനൊപ്പം നടപ്പാക്കി. ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിൽ ഇവരെ നിയമിച്ച് കോഴിക്കോട് സ്വദേശിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കങ്ങളാണ് നടന്നത്.
പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലാ പഞ്ചായത്തുകളിലേക്കാണ് സെക്രട്ടറി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്. അതേ സമയം, ഒഴിവുണ്ടായിട്ടും കോഴിക്കോട്ടേക്ക് അപേക്ഷ ക്ഷണിച്ചുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോഴിക്കോട് ജില്ലക്കാരനായ സർവീസ് സംഘടനാ നേതാവിന്റെ താൽപര്യമാണ് ഇതിനു പിന്നിൽ. സി.പി.എം. അനുകൂല സംഘടനയിലെ അംഗങ്ങളാണു നിലവിൽ നിയമിതരായ ആറുപേരും.