സുവിശേഷം മുതൽ കൊട്ടേഷൻ വർക്ക് വരെ ; കോട്ടയംകാരനായ ആന്ധ്രാ രാജേഷിന്റെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടി വിറച്ച് പൊലീസ്

സുവിശേഷം മുതൽ കൊട്ടേഷൻ വർക്ക് വരെ ; കോട്ടയംകാരനായ ആന്ധ്രാ രാജേഷിന്റെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടി വിറച്ച് പൊലീസ്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സുവിശേഷം, അദ്ധ്യാപനം, മുട്ടക്കച്ചവടം അങ്ങനെ ജീവിതത്തിൽ പല വേഷങ്ങളും കെട്ടി. പക്ഷേ, കൈയിലെ വില്ലത്തരത്തിൽ കച്ചവടമെല്ലാം പൊട്ടി. കടം കയറിയപ്പോൾ പുത്തൻ മേച്ചിൽപുറം തേടി നടന്നു. കവർച്ചക്കാരന്റെ വേഷമണിഞ്ഞു. കൂട്ടിന് അടിപിടിയും ക്വട്ടേഷൻ വർക്കും. നാട്ടുകാർക്ക് പേടിസ്വപ്നം. ഒടുവിൽ വീട്ടമ്മയേയും മകളേയും തോക്കിൻമുനയിൽ നിറുത്തി മാല കവർന്ന് മുങ്ങിയെങ്കിലും പൊലീസിന്റെ ജാഗ്രതയിൽ ഇരുമ്പഴിക്കുള്ളിലായി.

കോട്ടയം വൈക്കം പെരുവ പന്തപ്പിള്ളിൽ ഹൗസിൽ രാജേഷ് കുമാറിന്റെ (42) കഥകൾ കേട്ട് പൊലീസും അമ്പരന്നു. നാടിനെ വിറപ്പിച്ച പല സംഭവങ്ങളും കവർച്ചകളും എണ്ണിയെണ്ണി പൊലീസിന് മുമ്പാകെ വിളമ്പി. ആന്ധ്രാ രാജേഷ് എന്ന വിളിപ്പേരിൽ ഇയാൾ നടത്തിയ കവർച്ചകളും ക്രിമിനൽ പ്രവർത്തനങ്ങളും ഒട്ടനവധി. തിരുവനന്തപുരം നരുവാമൂടാണ് ഇയാളുടെ സ്വന്തം ദേശം. വിവാഹം കഴിഞ്ഞതോടെയാണ് കോട്ടയത്തേക്ക് മാറിയത്. നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ അണിയറത്തലയ്ക്കൽ പുത്തൻവീട്ടിൽ പത്രം ഏജന്റായ അനിൽകുമാറിന്റെ വീട്ടിലെത്തി ഭാര്യ ജയശ്രിയുടെയും മകൾ അനിജയുടെയും മാലകൾ കവർന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുവിശേഷകൻ

സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പഠനം മതിയാക്കി കുപ്രസിദ്ധ ക്രിമിനൽ മൊട്ടമൂട് ഷാജിയുടെ സഹായിയായി കൂടിയതോടെ രാജേഷ് നാടിന്റെ പേടി സ്വപ്നമായി. അടിപിടിയും ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ഷാജിയ്‌ക്കൊപ്പം വിലസിയ രാജേഷ് കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി. മകന്റെ പെരുമാറ്റ ദൂഷ്യത്തിലും പ്രവൃത്തി ദോഷങ്ങളിലും വീട്ടുകാർ പൊറുതി മുട്ടി. ബന്ധുക്കളുടെയും മറ്റും നിരന്തര പ്രേരണയാൽ ദൈവവിശ്വാസിയായി മാറിയ രാജേഷ് ബൈബിൾ ക്‌ളാസുകളിലും മറ്റും പങ്കെടുത്ത് സുവിശേഷകനായി. രാജേഷിന് മനപരിവർത്തനമുണ്ടായതിൽ വീട്ടുകാർക്കൊപ്പം നാട്ടുകാരും ആശ്വസിച്ചു.

ഉത്തമനായ ഒരു വിശ്വാസിയെന്ന നിലയിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും വിശ്വാസം ആർജിച്ച രാജേഷ് നാട്ടിലെ പഴയ കൂട്ടുകെട്ടുകളൊക്കെ വിട്ട് കോട്ടയത്തേക്ക് വണ്ടി കയറി. സുവിശേഷ പ്രവർത്തനത്തിനിടെ പരിചയപ്പെട്ട ഒരു യുവതിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കി. സുവിശേഷ സംഘങ്ങളുമായി കൂടി അയൽ സംസ്ഥാനങ്ങളിലും മറ്റും ബൈബിൾ കൺവെൻഷനും മറ്റും പോയി. ഇതിനിടെ ഇംഗ്‌ളീഷും തമിഴും തെലുങ്കുമുൾപ്പെടെയുള്ള ഭാഷകൾ നന്നായി സംസാരിക്കാൻ പഠിച്ചു.

അദ്ധ്യാപക ജോലി

സുവിശേഷ പരിപാടിയുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ നിരന്തരമുള്ള യാത്രകളിൽ അവിടത്തെ ഒരു സ്‌കൂൾ നടത്തിപ്പുകാരുമായി രാജേഷിന് സൗഹൃദമായി. മലയാളി കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ബിരുദധാരിയെന്ന വ്യാജേന അദ്ധ്യാപകനായി. ഇതോടെ സുവിശേഷ പരിപാടി മതിയാക്കി. ഒരുവർഷത്തോളം അദ്ധ്യാപന വൃത്തി നടത്തിയ രാജേഷ് ഒടുവിൽ അത് മതിയാക്കി കോട്ടയത്തെ ഭാര്യാവീട്ടിലെത്തി.

മുട്ടക്കച്ചവടം

കോട്ടയത്ത് വീണ്ടുമെത്തി പുതിയ വേഷമണിഞ്ഞത് മുട്ടക്കച്ചവടക്കാരനായി. കോട്ടയത്തും പരിസരത്തും കടകളിലും ഹോട്ടലുകളിലും മുട്ട വിതരണം ചെയ്തു. ഇതിനിടെ ബിസിനസ് വിപുലമാക്കാനുള്ള ശ്രമത്തിനിടെ സാമ്ബത്തിക നഷ്ടമുണ്ടായി. മുട്ട നൽകിയവർക്ക് പണം കൊടുക്കാൻ നിവൃത്തിയില്ലാതായതോടെ കച്ചവടം പൂട്ടിക്കെട്ടി. പലരിൽ നിന്നും കടം വാങ്ങിയും പലിശയ്‌ക്കെടുത്തും ഏതാനും മാസം തള്ളിനീക്കി.

മോഷണ വേഷം

മുട്ടക്കച്ചവടത്തിൽ കൈ പൊള്ളിയതോടെ എങ്ങനെ എളുപ്പവഴിയിൽ പണം സമ്ബാദിക്കാമെന്നായി ചിന്ത. അങ്ങനെയാണ് കവർച്ചയിലേക്ക് തിരിഞ്ഞത്. ആളുകളെ വിരട്ടാനായി എറണാകുളത്തെ ഒരു കടയിൽ നിന്ന് ഒരു എയർഗണും വാങ്ങി. സുവിശേഷകനായി മാറിയശേഷം ഇടയ്ക്കിടെ നരുവാമൂട്ടിലെ ബന്ധുവീടുകളിൽ വന്നുപോകാറുള്ള രാജേഷ് സുഹൃത്ത് കോട്ടയം സ്വദേശി ഷാജി ജോണുമൊത്ത് കഴിഞ്ഞ 9ന് കാറിൽ നാട്ടിൽ വന്നു. വാഹനം പാർക്ക് ചെയ്യാൻ അനുവാദം ചോദിക്കാനായി തന്റെ പഴയ അയൽവാസിയുടെ വീട്ടിലെത്തി.

വീട്ടുടമയായ അനിൽകുമാറിന്റെ ഭാര്യ ജയശ്രീയും മകളും മാത്രമായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്നത്. ഇരുവരുടെയും കഴുത്തിൽ സ്വർണമാല കിടക്കുന്നത് കണ്ട രാജേഷിന്റെ മനസിൽ പഴയ ക്രിമിനൽ ഉണർന്നു. എയർഗൺ കാട്ടി ഇരുവരുടെയും മാലപൊട്ടിച്ചശേഷം കാറിൽ സുഹൃത്തുമൊത്ത് കോട്ടയത്തേക്ക് കടന്നു. സ്വർണം വിറ്റപണവുമായി അവിടെ നിന്ന് ബസ് മാർഗം ആന്ധ്രയിലേക്ക് കടന്നു.

കൂട്ടാളിയായ ഷാജിയെ പൊലീസ് പിടികൂടിയതോടെയാണ് രാജേഷിന്റെ ആന്ധ്രയിലെ താവളം മനസിലായത്. തുടർന്ന് വിശാഖപട്ടണത്തിന് സമീപം ടുണി എന്ന ഗ്രാമത്തിൽ നിന്ന് നരുവാമൂട് പൊലീസ് ഇൻസ്‌പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണവും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും കണ്ടെത്താനായി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.