ഒന്നാം നിലയിൽ നിന്നും തലകറങ്ങി താഴേക്ക് ; വൈദ്യുതി കമ്പിയിൽ ഇടിച്ച് താഴെ പതിക്കേണ്ട ജീവൻ ; അത്ഭുത രക്ഷകനായി എത്തിയത് നിർമാണ തൊഴിലാളി ; കാലുകളിൽ പിടിച്ചത് ദൈവത്തിന്റെ കൈകൾ : വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്ക് വീണ ആളെ കാലില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തി നിർമാണ തൊഴിലാളി. അരൂര്‍ ഹരിത വയല്‍ ബിനു നിലയത്തില്‍ ബിനു എന്ന ബാബു(38)വിനെയാണ് സമീപത്തു നില്‍ക്കുകയായിരുന്ന കീഴല്‍ യുപി സ്‌കൂളിനു സമീപം തയ്യില്‍ മീത്തല്‍ ബാബുരാജ് (45) രക്ഷിച്ചത്. വീഡിയോ കാണാം –
തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കില്‍ എത്തിയത്. ഊഴം കാത്ത് ബാങ്ക് വരാന്തയില്‍ നില്‍ക്കുമ്ബോള്‍ ബിനു പെട്ടെന്ന് തലകറങ്ങി കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനുവിന്റെ കാലിന്മേല്‍ പിടിത്തം ഇടുകയും കൈവരിയോട് കാല്‍ ചേര്‍ത്തു പിടിച്ച് ആത്മസാന്നിധ്യം കൈവിടാതെ നിന്നു മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തു ബാബുരാജ്. അപ്പോഴേക്കും ബാങ്കില്‍ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയര്‍ത്തി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിട്ടു.
ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. തയ്യില്‍ മീത്തല്‍ പരേതനായ കണ്ണന്റെയും മാതുവിന്റെയും മകനാണ് ബാബുരാജ്. ഭാര്യ: നിഷ. മകള്‍: അവന്തിക.