അന്ന് എന്റെ കല്യാണമാ സാറെ.., തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണം; വോട്ടെടുപ്പിന്റെ തലേന്നാണ് പ്രസവം, ഇളവ് ചോദിച്ച് ഭാര്യയും ഭർത്താവും :തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിൽ എത്തുന്നത് കൗതുകരമായ അപേക്ഷകൾ
സ്വന്തം ലേഖകൻ
കൊച്ചി : തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതൽ ഫലപ്രഖ്യാപന ദിവസം വരെ തികച്ചും കൗതുകകരമായ സംഭവങ്ങളാണ് സ്ഥാനാർത്ഥികളിൽ നിന്നും വോട്ടർന്മാരിൽ നിന്നും ഉണ്ടാകുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി രസകരമായ സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ ഇത്തവണ ഇളവ് ചോദിച്ച് എത്തിയപ്പോൾ ഉണ്ടായിരിക്കുന്നത്.
കാക്കനാട്ടെ കളക്ട്രേറ്റിലെ തെരഞ്ഞെടുപ്പു വിഭാഗത്തിൽ പോളിങ് ഡ്യൂട്ടി ഇളവ് ചോദിച്ച് എത്തിയത് കൗതുകകരമായ നിരവധി അപേക്ഷകൾ. വിവാഹ ദിനമാായതിനാൽ പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഉത്തരവു ലഭിച്ച യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ അപേക്ഷ. കല്യാണക്കുറിയും അനുബന്ധ രേഖകളും പരിശോധിച്ച് ബോദ്ധ്യപ്പെട്ടതോടെ മാൻപവർ മാനേജ്‌മെന്റ് നോഡൽ ഓഫിസറായ തഹസിൽദാർ ജോർജ് ജോസഫ് പ്രതിശ്രുത വധുവിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഫയലിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോളിങ്ങിന്റെ തലേന്നാൾ പ്രസവ തീയതി ആണെന്നു ചൂണ്ടിക്കാട്ടി എയ്ഡഡ് സ്‌കൂൾ അദ്ധ്യാപിക സമർപ്പിച്ച അപേക്ഷയും മെഡിക്കൽ ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഭാര്യയുടെ പ്രസവം എന്ന പരിഗണനയിൽ തനിക്കു കൂടി ഡ്യൂട്ടി ഇളവ് വേണമെന്ന ഭർത്താവിന്റെ അപേക്ഷയും മെഡിക്കൽ ബോർഡ് അംഗീകരിച്ചു.
പ്രായമായ മാതാപിതാക്കളെ നോക്കാൻ അവധി നൽകണമെന്നതാണ് മറ്റൊരു അപേക്ഷ. 88, 80 പ്രായക്കാരായ മാതാപിതാക്കളെ നോക്കാൻ വേറെ ആരുമില്ലെന്ന് അപേക്ഷിച്ച അദ്ധ്യാപികയെ ആദ്യം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഇവരെ പിന്നീട് ഡ്യൂട്ടിയിൽ ഇട്ടു. ഇതേ ആവശ്യം പറഞ്ഞ് ഇവരുടെ സഹോദരിയുടെ അപേക്ഷ കൂടിയെത്തിയതോടെയാണ് പണി പാളിയത്.
ഇരുവരും ഒരേ ആവശ്യം പറഞ്ഞ് അപേക്ഷ നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാതാപിതാക്കൾ തനിച്ചാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. മാതാപിതാക്കളുടെ പ്രായാധിക്യം ചൂണ്ടിക്കാട്ടിയാൽ ഡ്യൂട്ടി ഇളവ് കിട്ടുമെന്നു സുഹൃത്തുക്കാണത്രെ ഉപദേശിച്ചത്.
ഇതോടെ ഇരുവർക്കും ഇളവ് നൽകാതെ ഡ്യൂട്ടിക്ക് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന മുപ്പതോളം പൂർണ ഗർഭിണികളെയും നൂറോളം മാരക രോഗികളെയും ഒഴിവാക്കിയിട്ടുണ്ട്.
പോളിങ് ഡ്യൂട്ടിക്കു നിയമനം ലഭിച്ച 21,751 പേരിൽ 1,440 പേരാണ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇളവിന് അപേക്ഷിച്ചത്. മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തതും അന്വേഷണത്തിൽ ബോധ്യപ്പെട്ടതുമായ 804 പേരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി.
ഇതോടൊപ്പം മുലയൂട്ടുന്ന അമ്മമാരെയും ഭിന്നശേഷിക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. ഇനി ഒഴിവാക്കൽ അപേക്ഷ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ജോലി ചെയ്യുന്ന മണ്ഡലം ഏതെന്നു വ്യക്തമാക്കുന്ന പോളിങ് ഡ്യൂട്ടി ഉത്തരവ് അടുത്തയാഴ്ച ആദ്യമായിരിക്കും നൽകുക.