കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും എ.ഡി.എമ്മിനും പിന്നാലെ പുതിയ വനിതാ ജില്ലാ മെഡിക്കല്‍ ഓഫീസറും; കോട്ടയത്ത് സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ കസേരയില്‍ വനിതാസാരഥികളുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖിക
കോട്ടയം: സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ കസേരയില്‍ കോട്ടയത്ത് വനിതാ പ്രാതിനിധ്യം കൂടി.
കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും എ.ഡി.എമ്മിനും പിറകേ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസർ സ്ഥാനത്തേക്കും ഒരു വനിതയാണ് എത്തിയിരിക്കുന്നത്. സമീപ കാലത്ത് ആദ്യമായാണ് ജില്ലയില്‍ ഡി.എം.ഒ ചുമതലയില്‍ വനിത എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പുറമേ ആറ് നഗരസഭകളില്‍ അഞ്ചിലും വനിതകള്‍ ചെയര്‍പേഴ്സണ്‍ ആണെന്നതും കോട്ടയത്തിന്റെ സവിശേഷതയാണ്.
കളക്ടര്‍ പി.കെ.ജയശ്രീ നയിക്കുന്ന ജില്ലാ ഭരണകൂടത്തില്‍ ജില്ലാ പൊലീസ് മേധാവി ശില്‍പ്പയാണ്. ആരോഗ്യ വകുപ്പിന്റെ ചുമതലയില്‍ പുതുതായി ചാര്‍ജെടുത്തത് ഡി.എം.ഒ എന്‍.പ്രിയയാണ്.
ഇവര്‍ക്കൊപ്പം അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടായി ജിനു പുന്നുസും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് സാരഥി നിര്‍മല ജിമ്മിക്കൊപ്പം കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം നഗരസഭകളുടെ ഭരണ സാരഥ്യം വഹിക്കുന്നതും സ്ത്രീകളാണ് .
കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ അടക്കം സമീപകാലത്ത് ജില്ലയെ പിടിച്ചുലച്ച പ്രകൃതി ദുരന്തം പരാതികള്‍ക്ക് ഇടം നല്‍കാതെ മികച്ച രീതിയില്‍ നേരിടാനും ഈ വനിതാ കൂട്ടായ്മക്കു കഴിഞ്ഞു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതാണെങ്കിലും കൊവിഡുമായി ബന്ധപ്പെട്ടതാണെങ്കിലും വകുപ്പ് മേധാവികളുടെ യോഗം വിളിച്ചാല്‍ ഇവരെല്ലാം ഒത്തുകൂടും.