ജെന്‍സന് അന്ത്യചുംബനം നല്‍കി പ്രതിശ്രുത വധു ശ്രുതി: ജെൻസന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത് പതിനായിരങ്ങൾ, വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ശ്രുതിയെയും ബന്ധുക്കളെയും തനിച്ചാക്കി ജെൻസൺ വിടവാങ്ങി
വയനാട്: വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ജെന്‍സന് അന്ത്യ ചുംബനത്തോടെ വിട നല്‍കി പ്രതിശ്രുത വധു ശ്രുതി.
ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാല്‍ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയില്‍ മൃതദേഹം ദര്‍ശനത്തിന് വെച്ചത്.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അമ്പലവയൽ ആണ്ടൂരിലെ വീട്ടിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്‍സണ് അന്ത്യ ചുംബനം നല്‍കി യാത്രയാക്കി. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി. ജെന്‍സണെ അവസാനമായി ഒരു നോക്കുകാണാന്‍ വന്‍ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.
ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുൻപ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരണപ്പെട്ടു. അഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തില്‍ നഷ്ടമായി.
രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവര്‍ക്കും ആഗ്രഹം.