വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്ക് തത്സമയം അറിയാം ; മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇക്കുറി വേറെങ്ങും പോവേണ്ട ; വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് റെഡി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാന്‍ വേറെങ്ങും പോവേണ്ട.
മൊബൈല്‍ ഫോണില്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്ക് തത്സമയം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ സെര്‍വറില്‍ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിങ് ശതമാനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.