വോട്ടെടുപ്പ് ദുരന്തം കോട്ടയത്തും:  വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കോട്ടയത്ത് കുഴഞ്ഞ് വീണു മരിച്ചു; കോട്ടയത്ത് കനത്ത പോളിംഗ് രണ്ടു മണിയ്ക്കുള്ളിൽ അൻപത് കടന്നു

വോട്ടെടുപ്പ് ദുരന്തം കോട്ടയത്തും: വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കോട്ടയത്ത് കുഴഞ്ഞ് വീണു മരിച്ചു; കോട്ടയത്ത് കനത്ത പോളിംഗ് രണ്ടു മണിയ്ക്കുള്ളിൽ അൻപത് കടന്നു

സ്വന്തം ലേഖകൻ
കോട്ടയം: വോട്ടെടുപ്പ് ദിവസം ജില്ലയിൽ മരിച്ചത് രണ്ടു പേർ. തലയോലപ്പറമ്പിൽ വോട്ട് ചെയ്യാൻ പോകുന്നതിനിടെ വൃദ്ധയും, പാറമ്പുഴയിൽ സമീപ വാസിയായ പ്രായമേറിയ ആളുമാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇതിനിടെ ജില്ലയിലെ വോട്ടിംഗ് 55.02 ശതമാനം കടന്നു. ഉച്ചവരെ കനത്ത പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ട് ചെയ്യാൻ പോകുന്നതിനിടെ തലയോലപ്പറമ്പിൽ വയോധികയാണ് കുഴഞ്ഞ് വീണ് മരിച്ചത്. തലയോലപ്പറമ്പ് പൊതി സ്വദേശി റോസമ്മ ഔസേപ്പാണ് (84) മരിച്ചത്. വീട്ടിൽ നിന്നും പോളിംഗ് ബൂത്തിലേയ്ക്ക് പോകുന്നതിനിടെ ഇവർ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം പാറമ്പുഴയിൽ പെരുമ്പായിക്കാട് അർത്യാകുളം സുരേഷ് (55) ആണ് കുഴഞ്ഞു വീണ് മരിച്ചത്. പെരുമ്പായിക്കാട് ദേവീവിലാസം സ്‌കൂളിലെ പോളിംഗ് ബൂത്തിലേയ്ക്ക് നടന്നു വരുന്നതിനിടെ ഇയാൾ സ്‌കൂളിനു മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. വാർഡ് കൗൺസിലർ ജോജി കുറത്തിയാടന്റെ വാഹനത്തിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംംഭവിച്ചിരുന്നു.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് പുതുപ്പള്ളിയിലാണ്. പുതുപ്പള്ളി മണ്ഡലത്തിൽ 55.45 ശതമാനമാണ് വോട്ടിംഗ്. കോട്ടയത്ത് 53.85 ഉം, ഏറ്റുമാനൂരിൽ 43.23 ഉം, വൈക്കത്ത് 54.89 ഉം, കടുത്തുരുത്തിയിൽ 51.82 ഉം, പാലായിൽ 46.82 ഉം, പിറവത്ത് 48.5 ഉം ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.