ഏറ്റുമാനൂരിലെ വീട്ടുജോലിക്കാരിയുടെ കൊലപാതകം: കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രാഥമിക നിഗമനം; കൊലപാതകം പീഡന ശ്രമത്തിനിടയിലെന്ന് സൂചന: കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹാളിലൂടെ വലിച്ചിഴച്ചു

ഏറ്റുമാനൂരിലെ വീട്ടുജോലിക്കാരിയുടെ കൊലപാതകം: കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രാഥമിക നിഗമനം; കൊലപാതകം പീഡന ശ്രമത്തിനിടയിലെന്ന് സൂചന: കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹാളിലൂടെ വലിച്ചിഴച്ചു

Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ തോർത്ത് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ പൊലീസ് സംഘമാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ നൽകുന്നത്. മൃതദേഹം ഹാളിൽ നിന്നും അടുക്കളയിലേയ്ക്ക് വലിച്ചിഴച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതൽ കാണാതായ ജോലിക്കാരിയുടെ മൃതദേഹം ഒരു ദിവസത്തോളം പ്രതി വീട്ടിൽ സൂക്ഷിച്ചതായും പൊലീസ് പറയുന്നു. ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപത്തെ പാദുവ സ്വദേശി ടോമിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ കട്ടച്ചിറ കടവിൽ വീട്ടിൽ ഉഷാകുമാരിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിന്റെ അടുക്കളയിലായാണ് മൃതദേഹം കിടന്നിരുന്നത്. ഹാളിനുള്ളിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് അടുക്കള ഭാഗത്ത് കൊണ്ടിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. കേസിലെ പ്രതിയെന്ന് സംംശയിക്കുന്ന പ്രഭാകരൻ ഞായറാഴ്ച രാവിലെയാണ് ഉഷാകുമാരിയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടത്. വർഷങ്ങളായി പ്രഭാകരനും ഭാര്യയും പിരിഞ്ഞ് കഴിയുകയാണ്. ടോമിയുടെ വീട്ടിലും, ഇയാളുടെ സഹോദരിയുടെ വീട്ടിലെയും ജോലികൾ ചെയ്താണ് പ്രഭാകരൻ കഴിയുന്നത്. പുതിയ വീട്ടിൽ ജോലിയുണ്ടെന്ന് അറിയിച്ചാണ് പ്രഭാകരൻ കഴിഞ്ഞ ദിവസം ഉഷാകുമാരിയുടെ ഭർത്താവ് രാജനെ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഉഷാകുമാരി വിമല ആശുപത്രിയ്ക്ക് സമീപത്തെ വീട്ടിൽ എത്തുകയും ചെയ്തു.
എന്നാൽ, തിങ്കളാഴ്ച വൈകുന്നേരമായിട്ടും ഉഷയെ തിരികെ വീട്ടിൽ കണ്ടില്ല. സാധാരണ ഗതിയിൽ ഏറ്റുമാനൂരിലെയും പരിസരത്തെയും നാലോ അഞ്ചോ വീടുകളിൽ ജോലി ചെയ്ത ശേഷം വൈകുന്നേരത്തോടെ ഉഷാകുമാരി വീട്ടിൽ തിരികെ എത്തുകയാണ് പതിവ്. തിങ്കളാഴ്ച ഈ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ ആദ്യ പ്രഭാകരനെ ബന്ധപ്പെട്ടു. എന്നാൽ, രാവിലെ തന്നെ ഉഷാകുമാരി വീട്ടിൽ നിന്നും പോയി എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ഇന്നലെ ഉച്ചയോടെ ടോമിയുടെ സഹോദരിയുടെ വീട്ടിലെത്തിയ പ്രഭാകരൻ, തന്റെ ഭാര്യ അസുഖ ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും രണ്ടായിരം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഈ പണവുമായി പ്രതി മുങ്ങുകയായിരുന്നു. പിന്നീട്, ചൊവ്വാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെട്ട ശേഷം, വീട്ടിൽ കൊലപാതകം നടന്നിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹാളിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് അടുക്കളയിൽ എത്തിച്ച്തായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പ്രതിയായ പ്രഭാകരനു വേണ്ടി പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.