കേരളം ആര് ഭരിച്ചാലും കോട്ടയത്തിന് ഒരു മന്ത്രി ഉറപ്പ്; തിരുവഞ്ചൂര്‍ രാധാകൃഷണനും വിഎന്‍ വാസവനും രണ്ട്  മുന്നണികളിലേയും ശക്തരായ നേതാക്കള്‍; ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ വി എന്‍ വാസവനിലൂടെ ഏറ്റുമാനൂരിന് ആദ്യ മന്ത്രിയേ കിട്ടും; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ്  തിരിവഞ്ചൂരിന് സ്വന്തമാകുമെന്ന് സൂചനകള്‍

കേരളം ആര് ഭരിച്ചാലും കോട്ടയത്തിന് ഒരു മന്ത്രി ഉറപ്പ്; തിരുവഞ്ചൂര്‍ രാധാകൃഷണനും വിഎന്‍ വാസവനും രണ്ട് മുന്നണികളിലേയും ശക്തരായ നേതാക്കള്‍; ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ വി എന്‍ വാസവനിലൂടെ ഏറ്റുമാനൂരിന് ആദ്യ മന്ത്രിയേ കിട്ടും; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് തിരിവഞ്ചൂരിന് സ്വന്തമാകുമെന്ന് സൂചനകള്‍

ഏ.കെ. ശ്രീകുമാർ

കോട്ടയം: തിരുനക്കര പകല്‍പ്പൂരത്തിന്റെ കുറവ് കോട്ടയത്തെ നാട്ടുവഴികളും നഗരവീഥികളും മറക്കുന്നത് തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം കാണുമ്പോഴാണ്. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളിലെയും ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. രാഷ്ട്രീയ കേരളം ഉറ്റ് നോക്കിയ പല സംഭവങ്ങള്‍ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം, മാണി സി കാപ്പന്റെ ചുവട് മാറ്റം, ലതികാ സുഭാഷിന്റെ ശിരോമുണ്ഡനം തുടങ്ങി പി സി ജോര്‍ജിന്റെ വിവാദ വോട്ടഭ്യര്‍ത്ഥന വരെ നീളുന്നു കാര്യങ്ങള്‍.

ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാലും യുഡിഎഫ് അധികാരത്തില്‍ വന്നാലും കോട്ടയംകാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കാരണം, ഇരുമുന്നണികളിലെയും ഏറ്റവും ശക്തരായ രണ്ട് നേതാക്കൾ മൽസരിക്കുന്നു. ഒരാൾ കോട്ടയത്തും, മറ്റൊരാൾ ഏറ്റുമാനൂരിലും. രണ്ടു പേർക്കും വിജയം സുനിശ്ചിതമാണെന്നാണ് മണ്ഡലങ്ങളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.  അതു കൊണ്ട് തന്നെ   ഇവരിലൊരാള്‍ അടുത്ത മന്ത്രിസഭില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോട്ടയം നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. കേരളം കണ്ടിട്ടുള്ള  ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി എന്ന പേര് സ്വന്തമാക്കിയാണ് തിരുവഞ്ചൂർ മന്ത്രിപദം ഒഴിഞ്ഞത്. അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ് തന്നെ തിരുവഞ്ചൂരിന് ലഭിക്കും. ഇത് കോട്ടയം പട്ടണത്തിൻ്റെ വികസന കുതിപ്പിനാകും സാക്ഷ്യം വഹിക്കുന്നത്. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് 1200 കോടി രൂപയുടെ വികസനമാണ് കോട്ടയത്ത് നടപ്പിലാക്കിയത്.  17 പാലങ്ങളും, ഈരയിൽ കടവ് , പാറേച്ചാൽ ബൈപ്പാസുകളുമെല്ലാം ഇതിൽപെടും. തിരുവഞ്ചൂരിൻ്റെ സ്വപ്ന പദ്ധതികളായ നാഗമ്പടം ഇൻ്റർനാഷണൽ സ്റ്റേഡിയം അടക്കം നിരവധി പദ്ധതികളാണ് കോട്ടയത്തിന് വികസന കുതിപ്പേകാൻ ഉടൻ പണി ആരംഭിക്കുന്നത്  .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുമെന്ന  പ്രവചനങ്ങള്‍ സത്യമായാല്‍, ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച വി എന്‍ വാസവന് മന്ത്രിസഭയിലെത്താം. ദീര്‍ഘകാലമായി സിപിഎം ജില്ലാ സെക്രട്ടറിയായ വാസവന് സുപ്രധാന വകുപ്പ് തന്നെ ലഭിക്കും. കണ്ണൂര്‍ ലോബിക്ക് മാത്രം പ്രധാന വകുപ്പുകള്‍ നല്‍കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കല്ലുകടിയുള്ളതിനാല്‍ ഇതും വാസവന് നേട്ടമാകും.

മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിലെ സർക്കാരിൻ്റെ സ്പെഷ്യൽ നോമിനി കൂടിയായ   വാസവൻ മുൻകൈയ്യെടുത്താണ് കോട്ടയം മെഡിക്കൽ കോളേജിനെ ഉന്നത നിലവാരത്തിലേക്കുയർത്തിയത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് പുതിയ കാഷ്വാലിറ്റി ബ്ലോക്കടക്കം നിരവധി കെട്ടിടങ്ങളാണ് ആശുപത്രി വളപ്പിൽ പ്രവർത്തനസജ്ജമായത്. വിവിധ പദ്ധതികൾക്കായി 1200 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരുന്നത്. അതിൽ 800 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. ഇത് കൂടാതെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമ്മിക്കുന്നതിനായി 564 കോടിയും അനുവദിച്ചു .അതിൽ നിന്നും 134 കോടി രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിൻ്റെയെല്ലാം പിന്നിൽ വാസവൻ എന്ന വികസന നായകൻ്റെ കഠിന പ്രയത്നം തന്നെയാണ്.

ഇതിനെല്ലാം പുറമേയാണ്  വാസവൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് പറയാതെ വയ്യ. മെഡിക്കൽ കോളേജിലെത്തുന്ന മൂവായിരത്തോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണം നല്കി വരുന്നതും വാസവൻ നേതൃത്വം കൊടുക്കുന്ന അഭയം ചാരിറ്റബിൾ ട്രസ്റ്റാണ്.

ഇടതുപക്ഷം അധികാരത്തിലെത്തുകയും വാസവൻ മന്ത്രിയാവുകയും ചെയ്യുന്നതിലൂടെ മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയാക്കുമെന്ന കാര്യത്തിൽ തർക്കമില്ല, വാസവനിലൂടെ ലഭിക്കുന്ന മന്ത്രിസ്ഥാനം  ഏറ്റുമാനൂർ മണ്ഡലത്തിലാകെ വൻ വികസന കുതിപ്പിനാകും സാക്ഷ്യം വഹിക്കുക.