കൊച്ചിയിലെ വെള്ളക്കെട്ട് : കോര്‍പ്പറേഷന്‍ പിരിച്ച്‌ വിടേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. ജിസിഡിഎയുടെ കെട്ടിടമൊക്കെ തല്ലിപ്പൊളിച്ച്‌ കളയണം ; വിനായകൻ

കൊച്ചിയിലെ വെള്ളക്കെട്ട് : കോര്‍പ്പറേഷന്‍ പിരിച്ച്‌ വിടേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. ജിസിഡിഎയുടെ കെട്ടിടമൊക്കെ തല്ലിപ്പൊളിച്ച്‌ കളയണം ; വിനായകൻ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ പോലും തടസ്സപ്പെടുത്തുന്ന തരത്തിലാണ് കൊച്ചിയെ കഴിഞ്ഞ ദിവസം വെള്ളം മൂടിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കളക്ടര്‍ ഇടപെട്ടാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വഴി കൊച്ചിയിലെ വെളളമിറക്കിയത്. പിന്നാലെ തുടര്‍ച്ചയായി രണ്ട് ദിവസം കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ കോര്‍പ്പറേഷനെ വിമര്‍ശിച്ച്‌ നടന്‍ വിനായകനും രംഗത്ത് വന്നിരിക്കുകയാണ്.

കൊച്ചിയില്‍ ആര്‍ക്ക് വേണ്ടിയുളള വികസനമാണ് നടത്തുന്നത് എന്ന് വിനായകന്‍ ചോദിച്ചു. കൊച്ചി കായല്‍ കയ്യേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വിനായകന്‍ ആഞ്ഞടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി കൊച്ചി കായലില്‍ അല്‍പ സ്ഥലം കൂടി അവശേഷിക്കുന്നുണ്ടെന്നും അത് കൂടി നികത്തി നിര്‍മ്മാണം നടത്തണം എന്നും വിനായകന്‍ രോഷം കൊണ്ടു. കൊച്ചിക്കാരെ ആരും കാണുന്നില്ലേ എന്ന് ചോദിച്ച വിനായകന്‍ തന്റെ ബന്ധുക്കള്‍ അടക്കമുളളവര്‍ ചെളിയിലാണെന്നും പറഞ്ഞു. ടൗണ്‍ പ്ലാനിംഗ് എന്നൊന്നില്ലേ എന്നും വിനായകന്‍ ചോദിച്ചു. കോര്‍പ്പറേഷനും ജിസിഡിഎയും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ലെന്നും വിനായകന്‍ തുറന്നടിച്ചു.

കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് കാരണം വേലിയേറ്റമൊന്നുമല്ല. ഇവിടെ ഉണ്ടായിരുന്ന തോടുകളൊന്നും കാണാനില്ല. ഇതെല്ലാം കട്ട് മുടിച്ച്‌ തീര്‍ക്കുകയാണ്. എത്രയും വേഗം കായല്‍ നികത്തി ബാക്കി കൂടി കട്ട് മുടിച്ച്‌ വീട്ടില്‍ പോയിരിക്കട്ടെ. ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയാണ് എന്ന് പാലാരിവട്ടം, മരട് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിനായകന്‍ പറഞ്ഞു. ഇനി ജനം ഇറങ്ങി കാശ് അടിച്ച്‌ മാറ്റുന്നവരുടെ വീടുകളിലോട്ട് കയറുമെന്നും വിനായകന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ പിരിച്ച്‌ വിടേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. ജിസിഡിഎയുടെ കെട്ടിടമൊക്കെ തല്ലിപ്പൊളിച്ച്‌ കളയണം. ഇതൊക്കെ എന്തിന് വേണ്ടിയാണെന്ന് പോലും മനസ്സിലാകുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതാണ് എല്ലാവരുടേയും പരിപാടി. ഇത് കൊച്ചിയിലെ മാത്രം പ്രശ്‌നമല്ല, കേരളത്തിലാകെയുളള പ്രശ്‌നമാണ്. അടുത്ത പ്രാവശ്യവും ഇവിടെ പ്രളയമുണ്ടാകും. പെട്ടെന്ന് ഒരു പരിഹാരം സാധ്യമല്ല. വിവരമുളള ആളുകള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണം. പുറത്ത് വന്ന ഉദ്യോഗസ്ഥര്‍ക്ക് കൊച്ചിയോട് ആത്മാര്‍ത്ഥതയില്ല എന്ന് മേയര്‍ പറയുന്നത് വിവരക്കേടാണ്. കോര്‍പ്പറേഷന്‍ കെട്ടിടത്തിന് അകത്തിരിക്കുന്നവരെ ഒക്കെ അവിടെ നിന്ന് ഓടിക്കണമെന്നും വിനായകന്‍ തുറന്നടിച്ചു.