വനിതാ ദിനത്തിൽ ചരിത്രമെഴുതി ദക്ഷിണ റെയിൽവേ ; മരിയ ഗെരോത്തിയുടെയും സംഘത്തിന്റെയും നിയന്ത്രണത്തിൽ കുതിച്ച് വേണാട് എക്‌സ്പ്രസ്‌

വനിതാ ദിനത്തിൽ ചരിത്രമെഴുതി ദക്ഷിണ റെയിൽവേ ; മരിയ ഗെരോത്തിയുടെയും സംഘത്തിന്റെയും നിയന്ത്രണത്തിൽ കുതിച്ച് വേണാട് എക്‌സ്പ്രസ്‌

സ്വന്തം ലേഖകൻ

എറണാകുളം : അന്താരാഷ്ട വനിതാ ദിനത്തിൽ ചരിത്രമെഴുതിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. കേരളത്തിലാദ്യമായി വനിതാ ദിനത്തിൽ വനിതകളുടെ പൂർണ നിയന്ത്രണത്തിൽ ട്രെയിൻ ട്രാക്കിലിറങ്ങിയിരിക്കുകയാണ്. ദക്ഷിണ റെയിൽവേയുടെ വേണാട് എക്‌സ്പ്രസിന്റെ എറണാകുളത്ത് നിന്ന് ഷൊർണൂർ വരെയുള്ള യാത്രയാണ് വനിതകളുടെ നിയന്ത്രണത്തിൽ നടന്നത്.

എറണാകുളം വരാപ്പുഴ സ്വദേശി മരിയ ഗെരോത്തിയുടെ നേതൃത്വത്തിലാണ് വേണാട് എക്‌സ്പ്രസ് വനിതാ ദിനത്തിൽ കുതിച്ചത്. ലോക്കോ പൈലറ്റ്, അസി. ലേക്കോ പൈലറ്റ്, ഗാർഡ്, പോയിന്റ്‌സ്‌മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ, ടി ടി ഇ എല്ലാം വനിതകളുടെ നിയന്ത്രണത്തിൽ തന്നെ. സുരക്ഷയ്ക്കായി റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ വനിതാ ഉദ്യോഗസ്ഥരുമുണ്ട്.

ട്രെയിൻ പുറപ്പെടും മുൻപ് ദക്ഷിണ റെയിൽവെയുടെ നേതൃത്വത്തിൽ എറണാകുളം ജംഗ്ഷനിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു. ഡിസിപി ജി. പൂങ്കുഴലിയുൾപ്പെടെ പ്രമുഖർ ചടങ്ങിനെത്തി. സമാനമായ ജോലികൾ ഇവരിൽ പലരും മുൻപും ചെയ്തിട്ടുണ്ടെങ്കിലും ഒരു എക്‌സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പൂർണമായും വനിതകളെ ഏൽപ്പിക്കുന്നത് ഇതാദ്യമാണ്.