പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന  കൊച്ചുകുട്ടി യുഎന്നിനെ അഭിസംബോധന ചെയ്യുന്നത് നാലാം തവണ; ഐക്യരാഷ്ട്ര സഭയിൽ കൈയടി നേടി മോദി; ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യണമെന്ന ഇന്ത്യൻ നിലപാടിന് വൻ പിന്തുണ

പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന കൊച്ചുകുട്ടി യുഎന്നിനെ അഭിസംബോധന ചെയ്യുന്നത് നാലാം തവണ; ഐക്യരാഷ്ട്ര സഭയിൽ കൈയടി നേടി മോദി; ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യണമെന്ന ഇന്ത്യൻ നിലപാടിന് വൻ പിന്തുണ

ന്യൂയോര്‍ക്ക്: ഒരു കാലത്ത് പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്നു നാലാം തവണ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നു. തൻ്റെ ശക്തമായ വാക്കുകളിലൂടെ ഐക്യരാഷ്ട്ര സഭയില്‍ കൈയടി നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും തന്റെ ജീവിതത്തിലൂടെ പറഞ്ഞു വച്ചു.

അതിര്‍ത്തി കടന്നുള്ളതടക്കം എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും അമര്‍ച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാടിന് രാജ്യാന്തര പിന്തുണയും മോദി നേടിയെടുത്തു.

ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ 76ാം സമ്മേളനത്തില്‍ സംസാരിക്കവെയാണു കുട്ടിക്കാലത്തു ചായ വില്‍പന നടത്തിയ കാര്യം പ്രധാനമന്ത്രി പരാമര്‍ശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വലിയ ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. ഇന്ത്യയുടെ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വം. ഡസന്‍ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള ഒരു രാജ്യമാണിത്. ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ, ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ആഗോള ഭീകരവാദത്തെ ഒരുമിച്ചുനേരിടുമെന്ന് ഇന്ത്യ യുഎസ് ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷവും ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡ്’ ഉച്ചകോടിക്കുശേഷവും പ്രഖ്യാപനമുണ്ടായി.

26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നു നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി. പാക്കിസ്ഥാന്‍ താവളമാക്കിയ ഭീകരനേതാക്കളെയും സംഘടനകളെയും പരാമര്‍ശിച്ച്‌, യുഎന്‍ വിലക്കുപട്ടികയിലുള്ള ഭീകരര്‍ക്കു സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുന്നതിനെ ഇരുനേതാക്കളും അപലപിച്ചു.

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കാമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തു. ഇത് ഇന്ത്യയുടെ വിലയ നയതന്ത്ര വിജയമാണെന്നും മോദി പറഞ്ഞു.

12 വയസ്സിനു മുകളിലുള്ളവര്‍ക്കു നല്‍കാവുന്ന ലോകത്തിലെ ആദ്യ ഡിഎന്‍എ അധിഷ്ഠിത കോവിഡ് വാക്‌സീന്‍ ഇന്ത്യ വികസിപ്പിച്ചെന്നു യുഎന്നില്‍ വ്യക്തമാക്കിയ മോദി, ആഗോള വാക്‌സീന്‍ നിര്‍മ്മാതാക്കളെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഒക്ടോബര്‍ അവസാനത്തോടെ 80 ലക്ഷം ഡോസ് വാക്‌സീന്‍ കയറ്റുമതി ചെയ്യുമെന്നു ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി അറിയിച്ചു.

നേരത്തെ യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം കുത്തിപ്പൊക്കി ആക്രമിക്കാനുള്ള പാക്കിസ്ഥാന്‍ നീക്കത്തിന് ഇന്ത്യ ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കി. ‘ഭീകരതയെ ഭരണകൂട നയമാക്കിയ പാക്കിസ്ഥാന്‍ ഭീകരരെ പോറ്റിവളര്‍ത്തുന്നു. കൊടുംഭീകരനായ ഉസാമ ബിന്‍ ലാദനു താവളമൊരുക്കിയ രാജ്യമാണതെന്നു രാജ്യാന്തര സമൂഹം മറന്നിട്ടില്ല’ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു മറുപടിയായി ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സ്‌നേഹ ദുബെ പറഞ്ഞു.

‘ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കു തന്നെ അതു വിനയായിത്തീരും. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരതയുടെ താവളമാക്കുന്നില്ലെന്നും മറ്റു രാജ്യങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധത്തിന് ഉപയോഗിക്കില്ലെന്നും രാജ്യാന്തര സമൂഹം ഉറപ്പാക്കണം.’-എന്നും ദുബെ ആവശ്യപ്പെട്ടിരുന്നു.

വാഷിങ്ടനില്‍ ഉഭയകക്ഷി ചര്‍ച്ചയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷമാണു ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനു മോദി എത്തിയത്.