play-sharp-fill
ആ ചിരി ഇനിയില്ല;  വേദനയോടെയെങ്കിലും നിഷ്കളങ്ക ഹൃദയം ഇനിയും തുടിക്കും; നേവിസിൻ്റെ അവയവങ്ങളുമായി ഏഴ് പേർ ജീവിക്കും

ആ ചിരി ഇനിയില്ല; വേദനയോടെയെങ്കിലും നിഷ്കളങ്ക ഹൃദയം ഇനിയും തുടിക്കും; നേവിസിൻ്റെ അവയവങ്ങളുമായി ഏഴ് പേർ ജീവിക്കും

സ്വന്തം ലേഖകൻ

എറണാകുളം: മസ്തിഷ്‌ക മരണം സംഭവിച്ച നേവിസ് ഇനി ഏഴ് പേരിലൂടെ ജീവിക്കും. ദാനം ചെയ്തത് എട്ട് അവയവങ്ങള്‍.

കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസിന്റെ (25) ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ചാണ് നേവിസിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ എന്‍ ഒ എസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു.

അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍കാരിന്റെ ആദരവ് അറിയിച്ചു.
ഫ്രാന്‍സില്‍ അകൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്.

കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ സപ്തംബര്‍ 16നാണ് നേവിസിന് അസുഖം വന്നത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.
ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.
അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്.
59കാരനായ രോഗിയുടെ ജീവന് വേണ്ടി എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് ഹൃദയവുമായി ആംബുലന്‍സ് ഇന്നലെ 7 മണിക്ക് കോഴിക്കോട്ടെത്തി.

173 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ടാണ് താണ്ടിയത്. എത്രയും വേഗത്തില്‍ ഹൃദയം ആശുപത്രിയില്‍ എത്തണമെന്നും എല്ലാവരും വഴിയൊരുക്കി ആംബുലന്‍സ് കടത്തിവിടാന്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആംബുലന്‍സിന്റെ യാത്രക്കായി പൊലിസ് ക്രമീകരണം ഒരുക്കിയിരുന്നു.
ഹൃദയമൊഴികെയുള്ള ആറു അവയവങ്ങള്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ കഴിയുന്ന രോഗികളിലേക്ക് മാറ്റും. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കിയത്. നേവിസിന്റെ മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് ഇന്ന് തന്നെ കൊണ്ടു പോകും.