പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് യുഡിഎഫിന്റെ ലീഡ് ഉയർത്താനുള്ള മത്സരം: തോമസ് ചാഴികാടൻ

പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് യുഡിഎഫിന്റെ ലീഡ് ഉയർത്താനുള്ള മത്സരം: തോമസ് ചാഴികാടൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലല്ല മത്സരം നടക്കുന്നതെന്നും, കഴിഞ്ഞ തവണ ജോസ് കെ.മാണിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തിൽ കൂടുതൽ നൽകാൻ സാധാരക്കാരായ വോട്ടർമാർ മത്സരിക്കുകയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. കോട്ടയം പ്രസ്‌ക്ലബിന്റെ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ 2019 ലാണ് തോമസ് ചാഴികാടൻ കൃത്യമായി മനസ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കോട്ടയത്തിന്റെ വികസന സ്വപ്‌നങ്ങൾ സ്ഥാനാർത്ഥി പങ്കുവച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിൽ എന്താണ് വേണ്ടെതെന്നും, ഓരോ മേഖലയിലും എന്തൊക്കെ വികസനമാണ് ആവശ്യമെന്നും അടക്കമുള്ള കൃത്യമായ കണക്കു കൂട്ടലുമായാണ് സ്ഥാനാർത്ഥി എത്തിയത്. രാഷ്ട്രീയവും വികസനവും എല്ലാം മണ്ഡലത്തിലെ വോട്ടർമാർക്ക് മുന്നിൽ കൃത്യമായി സ്ഥാനാർത്ഥി അവതരിപ്പിച്ചു.
എംപിയായാൽ ആദ്യം ചെയ്യുക മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനായി വിദഗ്ധരുടെ പാനൽ തയ്യാറാക്കും. യുവാക്കൾക്കും കർഷകർക്കുമാവും പദ്ധതികളിൽ മുൻ തൂക്കം നൽകുക. എറണാകുളത്തു നിന്നുള്ള വികസനം ജില്ലയ്ക്കു കൂടി എങ്ങിനെ പ്രയോജനപ്പെടുത്താമെന്നതാവും വികസന പദ്ധതികളിലെ പ്രധാന ചർച്ചാ വിഷയം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, ഡന്റൽ കോളേജ്, കുട്ടികളുടെ ആശുപത്രി എന്നിവ ഉൾപ്പെടുത്തി എയിംസ് മാതൃകയിലുള്ള ബൃഹത്തായ വികസന പദ്ധതിയ്ക്ക് രൂപം നൽകും.
കേരള കോൺഗ്രസിൽ നിലവിൽ തർക്കങ്ങൾ ഒന്നുമില്ല. പ്രചാരണത്തിൽ നിന്നു ജോസഫ് വിഭാഗം വിട്ടു നിൽക്കുന്നില്ല. ജോസഫ് വിഭാഗത്തിന്റെ പൂർണമായ പിൻതുണ പ്രചാരണ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്. മണ്ഡലം കൺവൻഷനിൽ പി.ജെ ജോസഫ് പങ്കെടുത്തിരുന്നു. ഇനി എല്ലാ പ്രവർത്തനങ്ങളിലും സജീവമായി അദ്ദേഹം ഉണ്ടാകും. ഇതുകൂടാതെ ഇനി എല്ലാ മണ്ഡലങ്ങളിലും അദ്ദേഹം പ്രചാരണത്തിനും എത്തും. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മോൻസ് ജോസഫ് മുഴുവൻ സമയവും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിയാൽ മോഡലിൽ റബർ കമ്പനി കൊണ്ടു വന്ന് കർഷകരെ രക്ഷിക്കുമെന്നത് എൽഡിഎഫിന്റെ പൊള്ളയായ ആരോപണമാണ്. മൂന്നു വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി എങ്ങും എത്തിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. റബർ കർഷകർക്കായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് പോലും സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇടതു പക്ഷം കോട്ടയത്തുൾപ്പെടെ വികസനം നടപ്പാക്കുന്നതിൽ തടസം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ.മാണി മണ്ഡലത്തെ അനാഥമാക്കി പോയിട്ടില്ല. രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ശേഷവും കോട്ടയം കേന്ദ്രീകരിച്ചാണു ജോസ് കെ.മാണി പ്രവർത്തിക്കുന്നത്. ജോസ് കെ.മാണി എം.പി രാജ്യസഭാംഗം എന്ന നിലയിലുള്ള തന്റെ ആദ്യവര്‍ഷത്തെ പ്രാദേശികവികസനഫണ്ടില്‍ മുഴുവന്‍ തുകയും വകയിരുത്തിയിരിക്കുന്നത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്കാണ്. ജോസ് കെ.മാണി ചെയ്ത മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ നേട്ടമായി മാറും. മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും ആദർശ് സ്റ്റേഷനുകളാക്കി. കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലാണ്. കേന്ദ്രറോഡ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് 100 കിലോമീറ്റർ റോഡ് നവീകരിച്ചു.മണ്ഡലത്തെ അറിവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനം പൂർണതയിലെത്തിക്കൊണ്ടിരിക്കുകയാണ്. കോട്ടയത്തുൾപ്പെടെ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ പൂർണതയിലെത്തിക്കേണ്ടതുണ്ടെന്നും തോമസ് ചാഴികാടൻ പറഞ്ഞു.