ഉമ്മൻചാണ്ടി ഇടപെട്ടു പവർലൂം തൊഴിലാളികൾക്ക് ബോണസ് അനുവദിച്ചു

ഉമ്മൻചാണ്ടി ഇടപെട്ടു പവർലൂം തൊഴിലാളികൾക്ക് ബോണസ് അനുവദിച്ചു

സ്വന്തം ലേഖകൻ

അയർക്കുന്നം: കോട്ടയം ഇന്റഗ്രേറ്റഡ് പവർലൂം തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് നല്കാൻ സ്ഥലം എം.എൽ.എ കൂടിയായ ഉമ്മൻചാണ്ടിയുടെ മന്ത്രി തലത്തിലുള്ള ഇടപെടൽ ഫലം കണ്ടു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മില്ലിൽ നിന്ന് ബോണസ് തുക അനുവദിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ടു വന്ന ഭരണസമതിയുടെ മുന്നിൽ യാതൊരു വഴികളുമില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളകുടിശ്ശിഖ ഉള്ളപ്പോളും ഫാക്ടറിയിൽ ജോലിക്കു വരികയും സഹകരിക്കുകയും ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് എങ്കിലും അനുവദിക്കാനുള്ള ശ്രമങ്ങൾ വേണമെന്ന ഭരണസമതി അംഗങ്ങളുടെ ആഗ്രഹം ചെയർമാൻ ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിൽ എം.എൽ.എ ഉമ്മൻചാണ്ടിയെ ധരിപ്പിച്ചപ്പോൾ തന്നെ ഗവർൺമെന്റിൽ നിന്നും തുക അനുവദിപ്പിക്കാനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു.

എന്നാൽ കൊറോണ മൂലം മന്ത്രിമാർ അടക്കം മുതിർന്ന ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ ആവുകയും ഉത്തരവിറക്കാനുള്ള നടപടികൾക്ക് അല്പം താമസം നേരിടുകയും ചെയ്തുവെങ്കിലും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഗവർൺമെന്റ് ഉത്തരവ് ഇറങ്ങി. തുക ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾക്കായുള്ള നിർദ്ദേശം ഹാൻഡ് ലൂം ഡയറക്ടർക്കും നല്കി കഴിഞ്ഞു.

ട്രഷറി മാനദണ്ഡങ്ങൾക്ക് വിധേയമായി ബോണസ് തുക ഈ മാസം തന്നെ തൊഴിലാളികൾക്ക് ലഭ്യമാക്കാൻ കഴിയും.കൂടാതെ ബോയിലർ വാങ്ങുവാൻ മുപ്പത്തിരണ്ട് ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിപ്പിക്കാനും ഉമ്മൻചാണ്ടിയുടെ ഇടപെടലുകൾ സഹായകരമായി.

ലോക്ക്ഡൗണും പ്രളയവുമെല്ലാം ഫാക്ടറി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കിയെങ്കിലും ഓണത്തോടനുബന്ധിച്ച് ഫാക്ടറി ഗേറ്റിൽ കോട്ടൺ തുണി ഉല്പ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആരംഭിച്ച ചെറിയ ഔട്ട്ലെറ്റും നിലവിൽ പ്രവർത്തിച്ചു വരുന്നു.

ഫാക്ടറിയിൽ ചെയ്തു വരുന്ന ജോബ് ഓർഡറുകൾക്ക് പുറമെ സർക്കാർ ജനതാ മാസ്ക്കിന്റെ തുണി നിർമ്മിക്കുന്ന ഓർഡറും പവർലൂമിന് ലഭ്യമായി കഴിഞ്ഞതായി ചെയർമാൻ ജോയിസ് കൊറ്റത്തിൽ പറഞ്ഞു.