ജീവിതമല്ലേ ലോക്ക് ആയോള്ളൂ, തോറ്റ് കൊടുക്കാൻ പാടില്ലല്ലോ..! വീൽച്ചെയറിലിരുന്ന് കുട നിർമ്മിച്ച് ജീവിതം തിരിച്ചു പിടിക്കുകയാണ് കണ്ണൻ

ജീവിതമല്ലേ ലോക്ക് ആയോള്ളൂ, തോറ്റ് കൊടുക്കാൻ പാടില്ലല്ലോ..! വീൽച്ചെയറിലിരുന്ന് കുട നിർമ്മിച്ച് ജീവിതം തിരിച്ചു പിടിക്കുകയാണ് കണ്ണൻ

സ്വന്തം ലേഖകൻ

കൊല്ലം: ലോക് ഡൗണിൽ എല്ലാവരുടെയും ജീവിതം ലോക്ക് ആവുന്നതിന് മുൻപ് തന്നെ കണ്ണന്റെ ജീവിതം ലോക്കായിട്ട് നാളേറെയായി. ജീവിതത്തിൽ തോറ്റുപോയിടത്തു നിന്നും ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് കൊട്ടാരക്കര പെരുംകുളം സ്വദേശിയായ കണ്ണൻ(32).

വീൽചെയറിലിരുന്ന് വരുന്ന മഴക്കാലത്തേക്കുള്ള കുടകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് കണ്ണൻ.
കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും മുതിർന്നവർക്കുമുള്ള കുടകൾ വീൽചെയറിലിരുന്ന് കണ്ണൻ നിർമ്മിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ കുടകൾ 240 രൂപ മുതൽ തുടങ്ങും. വലിയ കാലൻകുടകൾക്ക് 700 രൂപ വരെയുണ്ട്. മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നുമാണ് കുട നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നത്.

വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ് കണ്ണൻ അവ മനോഹരമായ കുടകളാക്കി മാറ്റുന്നത്. നവമാധ്യമങ്ങളിലെ സുഹൃത്തുക്കളുൾപ്പടെ ഓൺലൈൻ വഴിയും ഫോണിൽ വിളിച്ചും കണ്ണന്റെ കുടകൾ ബുക്ക് ചെയ്യും.

തുടർന്ന് കൊറിയർ സർവീസ് വഴി ആവശ്യക്കാരന്റെ കൈകളിലേക്ക് കുടകളെത്തുന്നത്. കുട മാത്രമല്ല, പേപ്പർ പേനകളും എൽ.ഇ.ഡി ബൾബുകളുമൊക്കെ കണ്ണൻ നിർമ്മിച്ച് വിൽപന നടത്തി വരുന്നുണ്ട്.

മനോഹരമായ ബഹുവർണ കടലാസിൽ തയ്യാറാക്കുന്ന പേനയ്ക്കുള്ളിൽ കണ്ണൻ ഒരു വിത്ത് ഒളിപ്പിച്ച് വയ്ക്കും. ഉപയോഗ ശൂന്യമായ പേന വലിച്ചെറിഞ്ഞാൽ പേപ്പർ ദ്രവിച്ച് പോവുകയും അതിലെ വിത്ത് മുളച്ച് മണ്ണിനൊരു തണലൊരുക്കുകയും ചെയ്യും.

രണ്ട് വർഷം മുൻപ് കണ്ണൻ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് സുഷുമ്‌ന നാഡിയ്ക്ക് ക്ഷതമുണ്ടാവുകയായിരുന്നു. ഏറെനാൾ അനങ്ങാൻ പോലുമാകാതെ കിടക്കയിൽത്തന്നെയായിരുന്നു. ഇപ്പോൾ പരസഹായത്തോടെ വീൽച്ചെയറിൽ ഇരുത്തിയാൽ കൈകൊണ്ട് ജോലികൾ ചെയ്യാമെന്നായി.

ഭാര്യ ശില്പയും മക്കൾ ദേവദത്തനും(8) ദേവനന്ദനും(രണ്ടര) അടങ്ങുന്ന കുടുംബം ഇപ്പോൾ കോട്ടാത്തല മൂഴിക്കോട് വയലിൽക്കട ഭാഗത്തെ വാടക വീട്ടിൽ പട്ടിണിയോട് മല്ലിട്ടാണ് ജീവിക്കുന്നത്.

കണ്ണൻ നിർമ്മിക്കുന്ന കുടയും പേനയും ആവശ്യമുള്ളവർക്ക് 9605213313, 8921149491 ഈ നമ്പരുകളിൽ ബന്ധപ്പെടാം. വാങ്ങിയാൽ അതൊരു കുടുംബത്തിന്റെ പട്ടിണിമാറ്റാനുള്ള നമ്മുടെ സഹായവുമാകും.