തിരുവനന്തപുരത്ത് ഇടറോഡുകളില്‍ പോലും ബാരിക്കേഡുകള്‍; എറണാകുളത്ത് ജനസഞ്ചാരം നിയന്ത്രിക്കാന്‍ എന്‍ട്രി/എക്സിറ്റ് പോയിന്റുകള്‍; മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം; മേഖല തിരിച്ച് തൃശ്ശൂരും അടച്ചുപൂട്ടി; ട്രിപ്പ്ള്‍ ലോക്ക് ഡൗണില്‍ നിശ്ചലമായി നാട്

തിരുവനന്തപുരത്ത് ഇടറോഡുകളില്‍ പോലും ബാരിക്കേഡുകള്‍; എറണാകുളത്ത് ജനസഞ്ചാരം നിയന്ത്രിക്കാന്‍ എന്‍ട്രി/എക്സിറ്റ് പോയിന്റുകള്‍; മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം; മേഖല തിരിച്ച് തൃശ്ശൂരും അടച്ചുപൂട്ടി; ട്രിപ്പ്ള്‍ ലോക്ക് ഡൗണില്‍ നിശ്ചലമായി നാട്

സ്വന്തം ലേഖകന്‍

കോട്ടയം: എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി. നാലു ജില്ലകളിലാകും ട്രിപ്പിള്‍ ലോക്ഡൗണ്‍ എങ്കിലും കേരളത്തെ നിശ്ചലമാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകും.

പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി ചെയ്യുന്ന കടകള്‍ ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. കൂടുതല്‍ കോവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും.പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ഉണ്ടാകും.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്റുകളുണ്ട്. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രം തുറക്കും.

പാല്‍ പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആദ്യം നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നല്‍കി. റേഷന്‍ കടകള്‍, മാവേലി സ്റ്റോര്‍, സപ്ലൈകോ ഷോപ്പ്, മില്‍ക്ക് ബൂത്ത് എന്നിവ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം. പക്ഷേ ഹോംഡെലിവറി മാത്രമാണ് അനുവദിക്കുക.

ഒരു കാരണവശാലും ആളുകളെ ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്ബ്, എടിഎം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയ്ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ പച്ചക്കറി അടക്കമുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനായി ജനങ്ങള്‍ അധികദൂരം സഞ്ചരിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.

മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം, ഒറ്റ-ഇരട്ട നിബന്ധനയില്‍ ഒന്നിടവിട്ട് മാത്രം പുറത്തിറങ്ങാം. കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലത്തില്‍ അക്കാര്യം പറയണം.

തിരുവനന്തപുരം ജില്ലയില്‍ അര്‍ധരാത്രി മുതല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കു പുറമേ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം.