ട്രാൻസ്‌ജെൻഡർ യുവതി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ : മാറ്റത്തിനായി കൊതിച്ച് സ്ഥാനാർത്ഥിയായി,കുടുംബശ്രീയിലെ സജീവ സാന്നിധ്യം ; കണ്ണൂർ മണ്ഡലത്തിലെ ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഒരാളായ സ്‌നേഹയുടെ ആത്മഹത്യയുടെ കാരണം തേടി പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: ട്രാൻസ്‌ജെൻഡർ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തോട്ടട സമാജ്വാദി കോളനി സ്വദേശിയായ സ്‌നേഹയെയാണ് ബുധനാഴ്ച രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌നേഹയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമൂഹത്തിന്റെ മാറ്റത്തിനായി കൊതിച്ച് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്‌നേഹ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ലായിരുന്നു സ്‌നേഹ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായത്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്‌നേഹയുടെ പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണം തേടുകയാണ് പൊലീസും ഒപ്പം നാട്ടുകാരും.
കോർപ്പറേഷനിലെ 36-ാം ഡിവിഷനായ കിഴുന്നയിൽനിന്നുമാണ് സ്‌നേഹ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശബ്ദം സമൂഹം മുഴുവൻ കേൾപ്പിക്കാനും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടട സമാജ്വാദി കോളനി ഉൾപ്പെടുന്ന പ്രദേശത്തിന്റെ മാറ്റത്തിനവേണ്ടിയുമാണ് മത്സരിക്കുന്നതെന്നായിരുന്നു സ്‌നേഹയുടെ നിലപാട്. എന്നാൽ തെരഞ്ഞെടുപ്പിൽ 90 വോട്ടുകൾ മാത്രമാണ് സ്‌നേഹ നേടിയത്.
കണ്ണൂർ മണ്ഡലത്തിലെ അഞ്ച് ട്രാൻസ് വോട്ടർമാരിൽ ഒരാളായി സ്‌നേഹയും മാറുകയായിരുന്നു. സ്‌നേഹ കുടുംബശ്രീ പ്രവർത്തകയായിരുന്ന സ്‌നേഹ ആനക്കുളത്തെ ചിപ്‌സ് നിർമ്മാണ യൂണിറ്റിന്റെ സെക്രട്ടറികൂടിയായിരുന്നു.