വാഹന നിയമം ലംഘിക്കുന്നവരെ  ഓടിച്ചിട്ട് പിടിക്കാൻ ഇനി പൊലീസ്  ഉണ്ടാവില്ല ; പകരം ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ആപ്പ്

വാഹന നിയമം ലംഘിക്കുന്നവരെ  ഓടിച്ചിട്ട് പിടിക്കാൻ ഇനി പൊലീസ്  ഉണ്ടാവില്ല ; പകരം ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ആപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  വാഹനനിയമം ലംഘിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കാൻ ഇനി പൊലീസ് വരില്ല ഇതിനുപകരം ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് മൊബൈൽ ആപ്പ്  സംവിധാനമാണ് വരുന്നത്. ഈ  ആപ്ലിക്കേഷന്‍ പോലീസുകാരുടെ  മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമാണിത്. അടുത്തമാസം പകുതിയോടെ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് (എന്‍.ഐ.സി.) തയ്യാറാക്കുന്ന ആപ്പാണ് ഇതിനായി കേരള പൊലീസ് ഉപയോഗിക്കുക. മൊബൈൽ ആപ്പിനെ പൊലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വിവരശേഖരവുമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുക.ആപ്പിലൂടെ നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകര്‍ത്തും. എല്ലാവര്‍ക്കും ഓരോ ഐ.ഡിയുണ്ടാവും. അതുവഴിയാണ് ആപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകര്‍ത്തുന്ന ചിത്രത്തില്‍ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉള്‍പ്പടെ രേഖപ്പെടുത്തി അത് ഡിജിറ്റല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്കയക്കും. ഇവിടെ ചിത്രം വിശകലനംചെയ്ത് പിഴത്തുക നിശ്ചയിച്ച്‌ മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കും. ആപ്പിലൂടെയല്ലാതെ പകര്‍ത്തുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനാകില്ല. ലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ അക്കാര്യവും കണ്ടെത്താനാകും.

നിയമഗംഖര്‍ മൊബൈല്‍, ബാങ്ക്, ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേകളിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ പോസ്റ്റോഫീസ്‌ വഴിയോ 15 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗിച്ച്‌ പിഴയടയ്ക്കാനുള്ള സ്വൈപ്പിംഗ് യന്ത്രം എച്ച്‌.ഡി.എഫ്.സി ബാങ്ക് സൗജന്യമായി നല്‍കും. പണമിടപാടിന് ചാര്‍ജ് ഈടാക്കില്ല.

ഈ ഡിജിറ്റല്‍  സംവിധാനം നടപ്പിലാവുന്നതോടെ പൊലീസിന്‍റെ ജോലിഭാരവും കുറയും. ഇതോടെ പ്രതിദിനം 4000 പൊലീസുകാരെ വാഹന പരിശോധനയില്‍ നിന്ന് പിന്‍വലിക്കാൻ സാധിക്കും. പെറ്റിക്കേസ് തയ്യാറാക്കല്‍, നോട്ടീസെഴുതല്‍, പിഴയീടാക്കല്‍, രജിസ്റ്ററുണ്ടാക്കല്‍, സമന്‍സ് അയയ്ക്കല്‍ എന്നിവയ്ക്ക് നിയോഗിക്കുന്ന 2000 പൊലീസുകാരെയും കുറയ്ക്കാം.

എന്നാല്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഈ ഡിജിറ്റല്‍ സംവിധാനത്തിന് കഴിയില്ല. അതുകൊണ്ടുതന്നെ പഴയരീതിയില്‍ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് ഏതാനും സംഘങ്ങളുണ്ടാകും.