അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണനിൽ നിയമനം; ടി.പി സെൻകുമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണനിൽ നിയമനം; ടി.പി സെൻകുമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ കത്തയച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ടി.പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിനു ശേഷം അദ്ദേഹം അവധിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ജുഡീഷ്യൽ പദവിയുള്ള അഡ്മിനിസ്ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമർപ്പിക്കുന്നതും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതും. എന്നാൽ, പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം സെൻകുമാറിന് കേന്ദ്ര സർക്കർ നിയമനം നൽകാതെ തടഞ്ഞുവച്ചു.
മുൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി സോമസുന്ദരത്തെ സെൻകുമാറിനൊപ്പം തെരഞ്ഞെടുത്തിരുന്നു. സെൻകുമാർ നിരവധി കേസുകളിൽ അന്വേഷണം നേരിടുകയാണെന്നും അതിനാൽ നിയമനം നൽകരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിന്റെ നിയമനം തടഞ്ഞുവച്ചത്. എന്നാൽ എല്ലാ കേസുകളും കോടതി എഴുതിത്തള്ളി. ഈ സാഹചര്യത്തിൽ തനിക്ക് നിയമനം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര സർക്കാരിന് രണ്ട് മാസം മുമ്പ് കത്ത് നൽകി. അതിന്റെ പകർപ്പ് ചീഫ് സെക്രട്ടറിയ്ക്കും അയച്ചു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല.